സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ലോക രാഷ്ട്രങ്ങളുടെ സഹായം തേടി അഞ്ജലീന ജോളി
|സിറിയയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ഹോളിവുഡ് താരം അഞ്ജലീന ജോളി.
സിറിയയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് ഹോളിവുഡ് താരം അഞ്ജലീന ജോളി. ജോര്‍ദാനിലെ അസ്റാക്ക് പ്രവിശ്യയിലുള്ള സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ശേഷമാണ് അഞ്ജലീനയുടെ പ്രതികരണം. ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും അഞ്ജലീന ജോളി ആവശ്യപ്പെട്ടു.
ഈ അഭയാര്‍ഥി ക്യാമ്പുകളില്‍ നിരവധി കുട്ടികളുണ്ട്. ഊഷരമായ മരുഭൂമിയും വേലിക്കെട്ടുകളുമല്ലാതെ ജീവിതത്തിന്റെ നല്ല ഓര്‍മകള്‍ ഒന്നും അവര്‍ക്കുണ്ടാവില്ല. മാനസികവും ശാരീരികവുമായി മുറിവേറ്റ കൌമാരക്കാരാണ്. ജോര്‍ദ്ദാനിലെ ക്യാമ്പുകളില്‍ കൂടുതലുള്ളത്. എന്റെ കുട്ടികള്‍ക്കും ഇതേ പ്രായമാണ്. എന്റെ കുട്ടികള്‍ക്ക് ഇതേ പോലെ സാഹചര്യമുണ്ടായാല്‍ അത് ഹൃദയഭേദകമാണ് അഞ്ജലീന പറഞ്ഞു. അഭയാര്‍ഥികളുടെ ഉത്തരവാദിത്വം ജോര്‍ദാനെ മാത്രം ഏല്‍പ്പിക്കുന്നത് ശരിയല്ല. അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും അഞ്ജലീന ആവശ്യപ്പെട്ടു.
സിറിയന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം എല്ലാ ശ്രമങ്ങളും നടത്തുന്നു എന്ന് പറയാനാകില്ല. ഐക്യരാഷ്ട്ര സഭ സമ്മേളനം നടക്കുമ്പോള്‍ സിറിയയിലെ പ്രശ്നങ്ങളുടെ മൂലകാരണം എന്തെന്ന് ചര്‍ച്ച ചെയ്യണം പരിഹാരം കണ്ടെത്തുകയും വേണം അഞ്ജലീന പറഞ്ഞു. യുഎന്‍ ഗുഡ് വില്‍ അംബാസഡറായ അഞ്ജലീന നാലാമത്തെ തവണയാണ് ജോര്‍ദ്ദാനിലെ അഭയാര്‍ഥി ക്യാമ്പിലെത്തുന്നത്. 2014 മുതലാണ് ജോര്‍ദ്ദാന്‍ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിച്ചു തുടങ്ങിയത്. ഇപ്പോള്‍ 40000 ത്തോളം പേര് ജോര്‍ദാനിലെ വിവിധ അഭായാര്‍ഥി ക്യാമ്പുകളില്‍ ഉണ്ട്. അഭയാര്‍ഥികളുടെ ബാഹുല്യം ജോര്‍ദാന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.