International Old
ചിത്രമെടുത്തില്ല; രക്തം വാര്‍ന്ന കുഞ്ഞിനെ വാരിയെടുത്ത് ആ ഫോട്ടാഗ്രാഫര്‍ ഓടിചിത്രമെടുത്തില്ല; രക്തം വാര്‍ന്ന കുഞ്ഞിനെ വാരിയെടുത്ത് ആ ഫോട്ടാഗ്രാഫര്‍ ഓടി
International Old

ചിത്രമെടുത്തില്ല; രക്തം വാര്‍ന്ന കുഞ്ഞിനെ വാരിയെടുത്ത് ആ ഫോട്ടാഗ്രാഫര്‍ ഓടി

Sithara
|
21 May 2018 5:44 PM GMT

കണ്‍മുന്നില്‍ കുരുന്നുകള്‍ മരിച്ചുവീഴുന്നു. ശ്വാസം നിലയ്ക്കും മുന്‍പ് അവരുടെ അലറിക്കരച്ചില്‍. താന്‍ വന്നത് ആ രംഗം ക്യാമറയില്‍ പകര്‍ത്താനായിരുന്നുവെന്ന് മറന്ന് അയാള്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ആംബുലന്‍സിനടുത്തേക്ക് ഓടി

കണ്‍മുന്നില്‍ കുരുന്നുകള്‍ മരിച്ചുവീഴുന്നു. ശ്വാസം നിലയ്ക്കും മുന്‍പ് അവരുടെ അലറിക്കരച്ചില്‍. ആ കാഴ്ച ഫോട്ടോഗ്രാഫര്‍ അബ്ദ് അല്‍ഖാദര്‍ ഹബാകിനെ സംബന്ധിച്ച് ഭയാനകവും നൊമ്പരപ്പെടുത്തുന്നതുമായിരുന്നു. ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ താന്‍ വന്നത് ആ രംഗം ക്യാമറയില്‍ പകര്‍ത്താനായിരുന്നുവെന്ന് മറന്ന് അയാള്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ആംബുലന്‍സിനടുത്തേക്ക് ഓടി.

വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ നിന്നാണ് ഈ രംഗം. അഭയാര്‍ത്ഥി വാഹനത്തിന് നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 126 പേരാണ്. ഇവരില്‍ 68 പേര്‍ കുട്ടികളായിരുന്നു. കുഞ്ഞുങ്ങള്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടതിന്‍റെ ഞെട്ടലില്‍ നിന്നും താന്‍ ഇതുവരെ മുക്തനായിട്ടില്ലെന്ന് അബ്ദ് അല്‍ഖാദര്‍ ഹബാബ് പറയുന്നു. ഈ രംഗം ക്യാമറയില്‍ പകര്‍ത്തുകയല്ല ചെയ്യേണ്ടത്, ആ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് വേണ്ടതെന്ന് പൊടുന്നനെ ഹബാക് തിരിച്ചറിയുകയായിരുന്നു.

ചോരയില്‍ കുളിച്ച് കിടന്നിരുന്ന ഒരു കുഞ്ഞിന്‍റെ അടുത്തേക്ക് ഹബാക് ആദ്യമോടി. ആ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. പിന്നീട് തൊട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കുട്ടിയുടെ അടുത്തേക്ക് ഓടി. ആ കുട്ടിക്ക് ജീവനില്ലെന്ന് കൂടെയുള്ള ആരോ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാല്‍ കുരുന്നിന്‍റെ ശരീരത്തില്‍ നേരിയ മിടിപ്പുണ്ടെന്ന് മനസ്സിലായതോടെ ഹബക് അവനെ നെഞ്ചോട് ചേര്‍ത്ത് ഓടി. ആ കുട്ടി തന്‍റെ കയ്യില്‍ മുറുക്കിപ്പിടിച്ചത് അറിഞ്ഞു. പകര്‍ത്തിയ ഹബക് കുട്ടിയെ രക്ഷിക്കാന്‍ ഓടുന്ന ചിത്രം ഹൃദയഭേദകമാണ്. മറ്റൊരു ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അല്‍റാഗബാണ് ആ ചിത്രം പകര്‍ത്തിയത്. കുരുന്നിന്‍റെ മൃതദേഹം കണ്ട് ഹബക് പൊട്ടിക്കരയുന്ന മറ്റൊരു ചിത്രവും നൊമ്പരപ്പെടുത്തും. ഹബകിന്‍റെ സഹപ്രവര്‍ത്തകനാണ് ഈ ചിത്രം പകര്‍ത്തിയത്. മുട്ടുകുത്തിയിരുന്ന് ഹബക് തേങ്ങുന്നത് ചിത്രത്തില്‍ കാണാം.

യുദ്ധമുഖത്ത് നിന്നുള്ള ഏത് ദൃശ്യവും ചിത്രവും അത്രമേല്‍ നൊമ്പരപ്പെടുത്തുന്നതാണ്. വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയില്‍ നിന്നും മനുഷ്യത്വം മരവിക്കുന്ന അനേകം കാഴ്ചകള്‍ ഇതിനകം നമ്മള്‍ കണ്ടുകഴിഞ്ഞു. യുദ്ധക്കെടുതിയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെ മെഡിറ്റേനിയനില്‍ ബോട്ട് മുങ്ങിമരിച്ച ഐലന്‍ കുര്‍ദിയുടെ ചിത്രം ലോകമനസാക്ഷിക്ക് മുന്‍പില്‍ എക്കാലത്തും ഒരു ചോദ്യചിഹ്നമാണ്. അലെപ്പോയിലെ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് രക്തത്തിലും പൊടിയിലും കുളിച്ച ഒമ്രാന്‍ ദഖ്‌നീഷ് എന്ന ബാലന്‍റെ മുഖവും മറക്കാന്‍ കഴിയില്ല. ആ ചിത്രങ്ങളുടെ പട്ടികയില്‍ മനുഷ്യത്വം വറ്റാത്ത മനുഷ്യര്‍ ബാക്കിയുണ്ടെന്ന ശുഭസൂചന നല്‍കി ഈ ചിത്രവും..

Related Tags :
Similar Posts