സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായി യു.എന്‍
|സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായും വെടിനിറുത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും യുഎന്‍ പ്രതിനിധികൂടിയായ സ്റ്റെഫാന്‍ ആവശ്യപ്പെട്ടു
സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായി യു.എന്‍ പ്രതിനിധി സ്റ്റെഫാന്‍ ഒബ്രിയന്‍. രാജ്യത്തെ വെടിനിറുത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും മാനുഷിക ദുരന്തം അവസാനിപ്പിക്കണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ രക്ഷാകൌണ്‍സില്‍ യോഗത്തിനിടെയായിരുന്നു സ്റ്റെഫാന്‍ ഒബ്രിയാന്‍ സിറിയന്‍ വിഷയത്തിലെ നിലപാട് തുറന്നടിച്ചത്. സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായും വെടിനിറുത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും യുഎന്‍ പ്രതിനിധികൂടിയായ സ്റ്റെഫാന്‍ ആവശ്യപ്പെട്ടു. യുദ്ധമവസാനിപ്പിച്ച് രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുകയായിരുന്നു ജനീവ സമ്മേളനങ്ങളുടെ ലക്ഷ്യം. മരുന്നും അവശ്യസാധനങ്ങളുമുള്‍പ്പെടെ സഹായവിതരണം ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ തടസ്സപ്പെടുത്തി. ഇക്കാലയളവില്‍ ദശലക്ഷങ്ങളാണ് രാജ്യത്ത് നിന്നും കുടിയിറക്കപ്പെട്ടത്. ഇതിനൊക്കെ പ്രസിഡണ്ട് ബശ്ശാറുല്‍ അസദ് കണക്കുപറയേണ്ടി വരുമെന്നും സ്റ്റെഫാന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം അലപ്പോയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക് കൂട്ടുന്നത്.