International Old
ഫലൂജയില്‍ ഐഎസും ഇറാഖ് സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടംഫലൂജയില്‍ ഐഎസും ഇറാഖ് സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം
International Old

ഫലൂജയില്‍ ഐഎസും ഇറാഖ് സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം

admin
|
21 May 2018 11:45 AM GMT

ഇറാഖിലെ സുപ്രധാന നഗരമായ ഫലൂജ ഐഎസില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള സൈനിക നടപടി പുരോഗമിക്കുന്നു

ഇസ്ലാമിക് അധീനതയിലുള്ള ഫലൂജ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഇറാഖി സൈന്യം ഊര്‍ജിതമാക്കി. സൈന്യം ഫലൂജയെ ലക്ഷ്യമിട്ടതിനു പിന്നാലെ തലസ്ഥാന നഗരമായ ബഗ്ദാദിൽ വൻ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായി. ഇരുപതോളം പേരാണ് സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ മുതല്‍ മൂന്നു ദിശകളിലൂടെയാണ് പീരങ്കികളും യുദ്ധടാങ്കുകളുമായി സൈന്യം ഫലൂജയില്‍ പ്രവേശിച്ചത്. മേയ് 23 മുതലാണ് ഫലൂജ പിടിച്ചെടുക്കാന്‍ ഓപറേഷന്‍ തുടങ്ങിയത്. 2014 ജനുവരിയിലാണ് ഫലൂജ ഐ.എസ് പിടിച്ചെടുത്തത്. പോരാട്ടം രൂക്ഷമായതോടെ 3000ത്തോളം ജനങ്ങള്‍ മേഖലയില്‍നിന്ന് പലായനം ചെയ്തു. 50,000ൽ അധികം ജനങ്ങൾ നഗരത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇതുവരെ നൂറിലധികം കുടുംബങ്ങൾ അവിടെനിന്നു രക്ഷപെട്ടിരുന്നു. സൈന്യത്തെക്കൂടാതെ ഭീകരവിരുദ്ധസേനാ യൂണിറ്റും ഫല്ലൂജയിലേക്കു നീങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചാവേർ, കാർ ബോംബ് സ്ഫോടനങ്ങളുമായി വഴിയിൽ ഭീകരർ തടസ്സം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ തങ്ങൾ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു.അതേസമയം, ബഗ്ദാദിലെ മൂന്ന് ജില്ലകൾ ആക്രമണത്തിനിരയായി.

ഷാബിലെ ഷിയ മേഖലയിലെ സൈനിക ചെക്ക്പോയിന്റിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. സദർ നഗരത്തിൽ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ബഗ്ദാദിന് 50 കിലോമീറ്റർ തെക്ക് താർമിയയിൽ മാർക്കറ്റാണ് ചാവേർ ആക്രമിച്ചത്. ഇവിടെ ഏഴുപേർ കൊല്ലപ്പെട്ടു. ഈ മൂന്ന് ആക്രമണങ്ങൾക്കു പിന്നിൽ ഐഎസ് ആണെന്ന് ഓൺലൈൻ വഴി പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന് നേരിട്ടുള്ള പ്രത്യാക്രമണവുമായി ഇറാഖ് സൈന്യം മുന്നേറിയതോടെ യുദ്ധ പ്രതീതി ശക്തമായിട്ടുണ്ട് ഫലൂജയില്‍.

Similar Posts