മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി
|ധാക്കക്ക് പുറത്തുള്ള കാശിംപൂര്‍ ജയിലില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.30നാണ് വധശിക്ഷ നടപ്പാക്കിയത്.
ബംഗ്ളാദേശ് ജമാഅത്തെ ഇസ്‍ലാമി മുതിര്‍ന്ന നേതാവ് മിര്‍ ഖാസിം അലിയെ തൂക്കിലേറ്റി. ധാക്കക്ക് പുറത്തുള്ള കാശിംപൂര്‍ ജയിലില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.30നാണ് വധശിക്ഷ നടപ്പാക്കിയത്.
1971ലെ ബംഗ്ളാദേശ് വിമോചനകാലത്ത് യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിച്ചാണ് ജമാഅത്തെ ഇസ്‍ലാമി മുതിര്‍ന്ന നേതാവ് മിര്‍ ഖാസിം അലിയെ ശൈഖ് ഹസീന ഭരണകൂടം തൂക്കിലേറ്റിയത്. യുദ്ധക്കുറ്റമാരോപിച്ച് തൂക്കിലേറ്റപ്പെടുന്ന അഞ്ചാമത്തെ പ്രതിപക്ഷ നേതാവും നാലാമത്തെ ജമാഅത്തെ ഇസ്‍ലാമി നേതാവുമാണ് മിര്‍ ഖാസിം. 63 വയസ്സായിരുന്നു.
ജമാഅത്തെ ഇസ്‍ലാമിയുടെ മാധ്യമ സ്ഥാപനങ്ങളുടെ കാര്യദര്‍ശിയായിരുന്നു ഇദ്ദേഹം. ജമാഅത്ത് സെന്‍ട്രല്‍ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായിരുന്ന മിര്‍ ഖാസിമിന് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ എന്ന പേരില്‍ ബംഗ്ളാദേശ് ഭരണകൂടം രൂപം നല്‍കിയ കോടതി ജൂണ്‍ ആറിനാണ് വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. പ്രസിഡന്റിന് ദയാഹരജി സമര്‍പ്പിക്കാമെന്ന അധികൃതരുടെ നിര്‍ദ്ദേശത്തെ മിര്‍ ഖാസിം തള്ളുകയായിരുന്നു.
നേരത്തേ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് ആംനസ്റ്റി അടക്കമുള്ള ആഗോള മനുഷ്യാവകാശ കൂട്ടായ്മകള്‍ പ്രസ്താവിച്ചിരുന്നു. വധശിക്ഷയില്‍ പ്രതിഷേധം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്. നടപടിയില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.