അഭയാര്‍ഥികളെ ഏറ്റെടുക്കല്‍: പ്രമേയം യുഎന്‍ സമ്മേളനം അംഗീകരിച്ചു
|ലോകത്തിന്റെ മാനുഷികത പരിശോധിക്കുന്ന വിഷയമാണ് അഭയാര്‍ഥി പ്രശ്നമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ
അഭയാര്‍ഥികളുടെ പ്രശ്നം ആഗോളപ്രശ്നമായി കണ്ട് പരിഹാരം കാണാന്‍ നിര്‍ദേശിക്കുന്ന പ്രമേയം യുഎന്‍ വാര്‍ഷിക സമ്മേളനം അംഗീകരിച്ചു. ലോകത്തിന്റെ മാനുഷികത പരിശോധിക്കുന്ന വിഷയമാണ് അഭയാര്‍ഥി പ്രശ്നമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. അഭയാര്‍ഥികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്കായി സഹായം നല്‍കുമെന്ന് വിവിധ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.
സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാത്തതില്‍ ലോകത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഒബാമയുടെ പ്രസംഗം. ലോകം ഒന്നിച്ചു നിന്നാലേ സിറിയന്‍ വിഷയവും അഭയാര്‍ഥി വിഷയവും പരിഹരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം 50 രാജ്യങ്ങള്‍ മൂന്ന് ലക്ഷത്തി അറുപതിനായിരം അഭയാര്‍ഥികളെ ഏറ്റെടുത്താലെ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ. ഓരോ രാജ്യവും അവരുടെ അഭയാര്‍ഥി ക്വാട്ട വര്‍ധിപ്പിക്കണം. ജര്‍മനിയും കാനഡയും ഇക്കാര്യത്തില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കേണ്ടിവരുമെന്നും ഒബാമ പറഞ്ഞു. യുഎസ് പ്രസിഡന്റെന്ന നിലയില്‍ ബറാക് ഒബാമയുടെ അവസാന യുഎന്‍ പ്രഭാഷണമായിരുന്നു ഇത്.
അഭയാര്‍ഥികളുടെ പ്രശ്നം വിവിധ രാജ്യങ്ങള്‍ പങ്കിട്ടെടുക്കണമെന്ന പ്രമേയം യുഎന്‍ വാര്‍ഷിക സമ്മേളനം അംഗീകരിച്ചതിന് പിന്നാലെയാണ് ഒബാമയുടെ പ്രസംഗം. ലോകത്തെ 21.3 ദശലക്ഷം അഭയാര്‍ഥികളുടെ പ്രശ്നം 193 അംഗരാജ്യങ്ങളുടെയും പ്രശ്നമാണെന്ന് പ്രമേയത്തില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ അഭയാര്‍ഥികളുടെ എണ്ണം റെക്കോര്‍ഡിലെത്തുമെന്നാണ് യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ കണക്കുകൂട്ടല്‍.