ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിനെതിരെ വ്യാപക പ്രതിഷേധം
|മുസ്ലിം ലോകം പവിത്രമായി കരുതുന്ന പ്രദേശത്തേക്ക് ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനം മാറ്റുന്നത് ഫലസ്തീനികളുടെ അവകാശ ലംഘനമാണെന്ന് സൗദി ഉന്നത പണ്ഡിത സഭ പറഞ്ഞു.
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. തീരുമാനം പിന്‍വലിക്കണമെന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ് ട്രംപുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. ഫലസ്തീന്റെ കാര്യത്തില്‍ പഴയ നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. തീരുമാനത്തിനെതിരെ ഫ്രാന്‍സും വത്തിക്കാനും രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ പ്രഖ്യാപനം. ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ജറൂസലേമിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചു. തീരുമാനം ചരിത്രപരമാണെന്നാണ് ഇസ്രായേലിന്റെ പ്രതികരണം. എന്നാല്‍ അമേരിക്കന്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രോഷദിനമാചരിക്കാന്‍ ഫലസ്തീന് ആഹ്വാനം ചെയ്തു.
മുസ്ലിം ലോകം പവിത്രമായി കരുതുന്ന പ്രദേശത്തേക്ക് ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനം മാറ്റുന്നത് ഫലസ്തീനികളുടെ അവകാശ ലംഘനമാണെന്ന് സൗദി ഉന്നത പണ്ഡിത സഭ പറഞ്ഞു. തീരുമാനത്തിനെതിരെ മുസ്ലിം വേള്‍ഡ് ലീഗും രംഗത്തെത്തി. അമേരിക്കന്‍ നിലപാടിനെ പ്രത്യക്ഷമായി പിന്തുണക്കാത്ത നിലപാടാണ് ഇന്ത്യയും പ്രകടിപ്പിച്ചത്. ഫലസ്തീനിന്റെ കാര്യത്തില്‍ സ്വതന്ത്രവും സ്ഥിരതയുമുള്ള നിലപാടാണുള്ളതെന്ന് ഇന്ത്യക്കുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ നിലപാട് മറ്റൊരു രാഷ്ട്രത്തിന് നിശ്ചയിക്കാനാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.