റഷ്യ ഉത്തര കൊറിയയെ സഹായിക്കുന്നുവെന്ന് ട്രംപ്
|യുഎന്‍ ഉപരോധം വകവെക്കാതെ റഷ്യ ഉത്തര കൊറിയയെ സഹായിക്കുന്നുവെന്നാണ് ആരോപണം.
റഷ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യുഎന്‍ ഉപരോധം വകവെക്കാതെ റഷ്യ ഉത്തര കൊറിയയെ സഹായിക്കുന്നുവെന്നാണ് ആരോപണം.
റോയിട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് റഷ്യക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ലംഘിച്ചാണ് റഷ്യ ഉത്തര കൊറിയക്ക് സഹായം ചെയ്യുന്നത്. അവര്‍ ഇന്ധനം വിതരണം ചെയ്യുന്നു. എന്നാല്‍ ഈ സഹായങ്ങളൊന്നും റഷ്യ അമേരിക്കക്ക് നല്‍കുന്നില്ല. ഉത്തര കൊറിയക്ക് ഇന്ധനവും കല്‍ക്കരിയും വിതരണം ചെയ്യുന്നത് നിയന്ത്രിച്ച ചൈനയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. ഒപ്പം പ്യോങ്‌യാങില്‍ നിന്നുള്ള പ്രകോപനങ്ങള്‍ നിയന്ത്രിക്കാന്‍ ചൈനക്ക് ഇനിയും കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു. എന്തുതന്നെയായാലും ഉത്തര കൊറിയ ആഗോള വെല്ലുവിളി തന്നെയാണെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തു.
കിം ജോങ് ഉന്നുമായി സംസാരിച്ചാല്‍ തന്നെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു ഉറപ്പുമില്ലെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയ ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ മുന്‍ഗാമികള്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയമായിരുന്നു. ഇത്തരം ചര്‍ച്ചകള്‍ അര്‍ത്ഥവത്താണെന്ന് തോന്നുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത മാസം നടക്കുന്ന വിന്റര്‍ ഒളിമ്പിക്സിന് മുന്നോടിയായി ഉത്തര - ദക്ഷിണ കൊറിയകള്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയെ ട്രംപ് സ്വാഗതം ചെയ്തു.