സിറിയയില്‍ ഭൂഗര്‍ഭ ഷെല്‍ട്ടറിന് നേരെ വ്യോമാക്രമണം; 37 മരണം
|ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ 37 ആളുകള്‍ വെന്തുമരിച്ചെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സും വൈറ്റ് ഹെല്‍മറ്റും പറഞ്ഞു.
സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ ഭൂഗര്‍ഭ ഷെല്‍ട്ടറിന് നേരെയും വ്യോമാക്രമണം. ആക്രമണത്തില്‍ 37 പേര് കൊല്ലപ്പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നവര് പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
വിമതര്‍ക്കെതിരായ പോരാട്ടം അതിരൂക്ഷമായി തുടരുന്ന കിഴക്കന്‍ ഗൂതയിലെ അര്‍ബീന്‍ മേഖലയിലാണ് സിറിയന്‍ ഭരണകൂടത്തിന്റെ ഈ ക്രൂരത. ഭൂഗര്‍ഭ ഷെല്‍ട്ടറുകള്‍ക്ക് നേരെയും വ്യോമാക്രമണം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ 37 ആളുകള്‍ വെന്തുമരിച്ചെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സും വൈറ്റ് ഹെല്‍മറ്റും പറഞ്ഞു. കൂടാതെ വ്യോമാക്രമണത്തില്‍ 80പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നാപാം ഗ്യാസ് ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നും ഇവര്‍ പറയുന്നു. അര്ബീനിലെ ഭൂഗര്‍ഭ നിലവറയില്‍ ഏകദേശം 117 മുതല്‍ 125 ആളുകളാണ് ഉണ്ടായിരുന്നത് . ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആയിരുന്നുവെന്ന് ആക്ടിവിസ്റ്റ് ആയ ഇസത്ത് മുസ്ലിമാണി പറഞ്ഞു. പലര്ക്കുമേറ്റ പൊള്ളല്‍ ഗുരുതരമാണ്. അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ പലരുടേയും ആരോഗ്യനില ഗുരുതരമാണ്. അതിനാല്‍ മരണനിരക്ക് ഇനിയും ഉയരുമെന്ന് ഇസത്ത് പറഞ്ഞു.
കഴിഞ്ഞ മാസവും സിറിയന്‍ സര്‍ക്കാര്‍ അര്ബീനില് ക്ലോറിന്‍ വാതകവും ഫോസ്ഫറസും നാപാമും ഉപയോഗിച്ചെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. ഈ വര്‍ഷം ആദ്യം ആരംഭിച്ച ആക്രമണങ്ങളില്‍ 1500 ഓളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും ലക്ഷകണക്കിന് ആളുകളാണ് ഗൂതയില്‍ കുടുങ്ങിക്കിടക്കുന്നത്. മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് റെഡ്ക്രോസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെങ്കിലും അത് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.