ധാക്ക ആക്രമണത്തില്‍ 20 മരണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും
|ബന്ദികളില്‍ അധികവും വിദേശികളെന്നാണ് സൂചന. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ തീവ്രവാദികള്‍ ബന്ദികളാക്കി കൊലപ്പെടുത്തിയവരില്‍ ഇന്ത്യക്കാരിയും. താരുഷി ജെയ്ന്‍ എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.
ധാക്കയിലെ തന്ത്രപ്രധാന മേഖലയിലെ പ്രശസ്തമായ ഹൊലെ ആര്‍ടിസാന്‍ റെസ്റ്റോറന്റില്‍ ഇന്നലെ രാത്രിയാണ് മുപ്പത്തഞ്ചോളം പേരെ തോക്കുധാരികള്‍ ബന്ദികളാക്കിയത്. ഇവരില്‍ ഇരുപത് വിദേശികളെയാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ താരുഷി ജെയ്ന്‍ എന്ന ഇന്ത്യക്കാരിയുമുള്ളതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. പല മൃതദേഹങ്ങളും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് മുറിവേറ്റ നിലയിലായിരുന്നെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ബ്രിഗേഡിയര്‍ ജനറല്‍ നവീന്‍ അഷ്ഫാഖ് പറഞ്ഞു.
13 ബന്ദികളെ മോചിപ്പിച്ചതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന അറിയിച്ചു. ജപ്പാന്, ശ്രീലങ്കന്‍ പൌരന്മാരാണ് രക്ഷപ്പെട്ട ബന്ദികള്‍. ഇവര്‍ക്കും മുറിവേറ്റിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ കമാന്‍ഡോ നീക്കത്തില്‍ ആറ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് നൂറോളം കമാന്‍ഡോകള്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹോട്ടലിലേക്ക് ഇരച്ചുകയറിയത്. പത്ത് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചത് രാവിലെ ഏഴരയോടെയാണ്.