സിറിയയില്‍ താത്കാലിക വെടിനിര്‍ത്തല്‍
|അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം
സിറിയയില്‍ റഷ്യയും അമേരിക്കയും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ പങ്കില്ലെന്ന റഷ്യയുടെ വാദം ട്രംപ് അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് അറിയിച്ചു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെത്തിയതായിരുന്നു ഇരുവരും. ഇരുരാഷ്ട്ര നേതാക്കളും ഇത് ആദ്യമായാണ് നേരിട്ടുള്ള കൂടിക്കാഴ്ച നടത്തിയത്. മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി രണ്ടര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തുന്ന യുദ്ധം, ആഗോള ഭീകരതക്കെതിരായ പോരാട്ടം, സൈബര്‍ സുരക്ഷ എന്നിവയും ചര്‍ച്ചക്ക് വന്നു. സിറിയയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ജോര്‍ദാനും പിന്തുണ പ്രഖ്യാപിച്ചു.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ക്കുള്ള മറുപടി റഷ്യ ട്രംപിനെ അറിയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി ആരോപിക്കുന്ന പോലെ ട്രംപിന്‍റെ എതിരാളിയായ ഹിലരിയുടെ ഇ മെയില്‍ ചോര്‍ത്തലില്‍ റഷ്യക്ക് യാതൊരു പങ്കുമില്ലെന്ന് പുടിന്‍ ആവര്‍ത്തിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിച്ച് കൂടുതല്‍ സൌഹാര്‍ദത്തോടെ മുന്നോട്ട് പോകാന്‍ കൂടിക്കാഴ്ചയില്‍ ധാരണയായി. കൂടിക്കാഴ്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നായിരുന്നു ഇരു രാഷ്ട്രനേതാക്കളുടേയും പ്രതികരണം. ഒബാമ ഭരണകൂടത്തിന്‍റേതില്‍ നിന്ന് വ്യത്യസ്തമായി റഷ്യയെ അനുകൂലിക്കുന്ന നിലപാടുള്ള ആളാണ് ഡോണാള്‍ഡ് ട്രംപ്.