കൊറിയകളുടെ സമാധാന ചര്‍ച്ച 29ന്
|ഇരുകൊറിയകളുടെയും അതിര്‍ത്തിയും സൈനികരഹിത ഗ്രാമവുമായ പാന്‍മുന്‍ജം ട്രൂസില്‍ വെച്ചാണ് ഉന്നതതല യോഗം.
ഉത്തര- ദക്ഷിണ കൊറിയകളുടെ സമാധാന ചര്‍ച്ച മാര്‍ച്ച് 29ന്. ദക്ഷിണകൊറിയ മുന്നോട്ട് വെച്ച ഉപാധികള്‍ ഉത്തരകൊറിയ അംഗീകരിച്ചതോടെയാണ് ഉന്നതതല യോഗം ഉടന്‍ ചേരാന്‍ തീരുമാനമായത്. ഏപ്രിലില്‍ നടക്കുന്ന ഇരു രാഷ്ട്ര നേതാക്കളുടേയും കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് യോഗം.
ഇരുകൊറിയകളുടെയും അതിര്‍ത്തിയും സൈനികരഹിത ഗ്രാമവുമായ പാന്‍മുന്‍ജം ട്രൂസില്‍ വെച്ചാണ് ഉന്നതതല യോഗം. ഉത്തര കൊറിയയില്‍ സമാധാന ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന റീ സോണ്‍ നോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദക്ഷിണ കൊറിയന്‍ പ്രതിനിധി സംഘവുമായി 29ന് കൂടിക്കാഴ്ച നടത്തുക.
ഏപ്രില്‍ അവസാനം നടക്കുന്ന കൊറിയന്‍ ഉച്ചകോടിയിലെ അജന്‍ഡയാണ് 29നു നടക്കുന്ന യോഗം ചര്‍ച്ച ചെയ്യുന്നത്. ഉപഭൂഖണ്ഡത്തിലെ ശ്വാശ്വത സമാധാനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉച്ചകോടിയോടെ ഊര്‍ജിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കി. 2000, 2007 വര്‍ഷങ്ങളിലാണ് മുന്‍പ് കൊറിയന്‍ ഉച്ചകോടി നടന്നത്. അതേ സമയം ഏപ്രില്‍ പതിനൊന്നിന് ഉത്തരകൊറിയന്‍ വാര്‍ഷിക സമ്മേളനവും ചേരും.