ഐഎസിന്റെ വളര്‍ച്ചയും 9/11 ആക്രമണവും ഒബാമയുടെ ജയവും പ്രവചിച്ച അന്ധയായ വൃദ്ധ ട്രംപിനെക്കുറിച്ച് പറഞ്ഞത്....
|ഈ 21 ാം നൂറ്റാണ്ടില്‍ പ്രവചനങ്ങളൊക്കെ ഒരു തമാശയാണ്. അന്ധവിശ്വാസമെന്ന് തള്ളിക്കളയാവുന്നവ.
ഈ 21 ാം നൂറ്റാണ്ടില്‍ പ്രവചനങ്ങളൊക്കെ ഒരു തമാശയാണ്. അന്ധവിശ്വാസമെന്ന് തള്ളിക്കളയാവുന്നവ. എന്നാല്‍ അതില്‍ തന്നെ ചിലത് ആകസ്മികതയെന്നൊക്കെ പറയാവുന്ന തരത്തില്‍ സത്യമാകാറുമുണ്ട്. ഇതൊക്കെയാണെങ്കിലും ബാബ വാംഗെ എന്ന അന്ധയായ വൃദ്ധ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച പലതും സത്യമായിട്ടുണ്ട്. ആകസ്മികതയെന്നോ അതിമാനുഷികമെന്നോ വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള പ്രവചനങ്ങള്‍. ബാള്‍ക്കന്‍സിലെ നൊസ്ട്രാഡമസ് എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്. അമേരിക്ക ഉലച്ച 9/11 ആക്രമണവും ഐഎസിന്റെ ആഗോളതലത്തിലെ വ്യാപനവും പ്രവചിച്ച ഇവര്‍, 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയെയും ലോകത്തെയും എങ്ങനെ ബാധിക്കുമെന്നും പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അത്ര നല്ല വാര്‍ത്തയല്ല.
1911ല്‍ ബള്‍ഗേറിയയിലായിരുന്നു ഇവര്‍ ജനിച്ചത്. 1996 ല്‍ തന്റെ 85-ാം വയസില്‍ അന്തരിച്ചു. ജീവിച്ചിരുന്നപ്പോള്‍ തന്നെ പ്രശസ്തയായിരുന്നു ഇവരുടെ പ്രവചനങ്ങളാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്നത്. ജീവിതകാലത്ത് നിരവധി പ്രവചനങ്ങളിലൂടെ ഇവര്‍ പ്രശസ്തിയാര്‍ജിച്ചു. 44 ാം അമേരിക്കന്‍ പ്രസിഡന്റ് ആഫ്രിക്കന്‍ അമേരിക്കന്‍ ആയിരിക്കുമെന്ന് വാംഗെ പ്രവചിച്ചിരുന്നു. ഒബാമയുടെ തെരഞ്ഞെടുപ്പിലൂടെ അത് കൃത്യമാകുകയും ചെയ്തു. എന്നാല്‍ ഒബാമയായിരിക്കും അമേരിക്കയുടെ അവസാന പ്രസിഡന്റെന്നും വാംഗെ പ്രവചിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45 ാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞെങ്കിലും ട്രംപിന്റെ വിധി എന്തായിരിക്കുമെന്നാണ് വാംഗെയുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നവര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വാംഗെയുടെ പ്രവചനങ്ങളില്‍ 85 ശതമാനത്തിലേറെയും കൃത്യമായിട്ടുണ്ട്. കുറച്ച് ശതമാനം മാത്രമാണ് തെറ്റിയിട്ടുള്ളു. ഈ ശതമാന കണക്കിലാണ് ട്രംപിന്റെ ആരാധകരുടെ പ്രതീക്ഷ.
തെരഞ്ഞെടുപ്പും ഭീകരരുടെ വിളയാട്ടവും മാത്രമല്ല, ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വാംഗെ പ്രവചിച്ചിട്ടുണ്ട്. തീരങ്ങളും നഗരങ്ങളും കൂറ്റന്‍ തിരമാലങ്ങള് വിഴുങ്ങമെന്ന വാംഗെയുടെ പ്രവചനം സുനാമിയോടെ സത്യമായി. 1989 ല്‍ രണ്ടു ഉരുക്കുപക്ഷികള് 'അമേരിക്കന്‍ സഹോദരങ്ങളെ' നിലംപൊത്തിക്കുമെന്ന് പ്രവചിച്ചു. എന്നാല്‍ ആരായിരിക്കും ഈ അമേരിക്കന്‍ സഹോദരങ്ങളെന്ന് തലപുകച്ച് ആലോചിച്ചവര്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടെ കാര്യം മനസിലായി. ഐഎസിന്റെ ഉദയത്തെപ്പറ്റിയും അവര്‍ കൃത്യമായി പ്രവചിച്ചിരുന്നെന്ന് വാംഗെ അനുകൂല പ്രചരണം നടത്തുന്നവര്‍ വാദിക്കുന്നു. യൂറോപ്പിനെ ഒരുകൂട്ടം തീവ്രവാദികള്‍ ആക്രമിക്കുമെന്നായിരുന്നു അത്. ഐഎസിന്റെ വളര്‍ച്ചയോടെ ഇതും സത്യമായി. സിറിയയിലെ മുല്ലപ്പൂ വിപ്ലവവും വാംഗെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നു. 2018 ആകുമ്പോഴേക്കും ചൈന ആഗോളശക്തിയായി മാറുമെന്നും ചൈനയെ വെല്ലാന്‍ ആര്‍ക്കുമാകില്ലെന്നും വാംഗെ പ്രവചിച്ചിട്ടുണ്ട്. 2016 ല്‍ തന്നെ അമേരിക്കയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയായി ചൈന മാറും. അന്യഗ്രഹങ്ങളിലേക്ക് മനുഷ്യന് യാത്ര ചെയ്യുമെന്നും അവിടെ കോളനികള്‍ സ്ഥാപിക്കുമെന്നും പ്രവചനമുണ്ട്. 2046 ഓടെ ശരീരാവയവങ്ങള്‍ ക്ലോണ്‍ ചെയ്യാന്‍ കഴിയുമെന്നും ഇത് ചികിത്സാ മേഖലയില്‍ വന്‍ വിപ്ലവമുണ്ടാക്കുമെന്നതും ഇവരുടെ പ്രവചനമാണ്. 2076 ഓടെ യൂറോപ്പിലും ലോകത്തിലെ മറ്റു പ്രധാന രാജ്യങ്ങളിലും കമ്യൂണിസം ശക്തിപ്രാപിക്കുമെന്നും ഇവര്‍ പ്രവചിച്ചിട്ടുണ്ട്. 2130 ഓടെ വെള്ളത്തിനടിയില്‍ ജീവിക്കാനുള്ള ശേഷി മനുഷ്യന് നേടിയെടുക്കുമെന്നും 3797 ല്‍ ലോകം അവസാനിക്കുമെന്നും ഈ സമയമാകുമ്പോഴേക്കും മനുഷ്യന് മറ്റു ഗ്രഹങ്ങളിലേക്ക് ചേക്കേറി കഴിഞ്ഞിരിക്കുമെന്നും വാംഗെ പ്രവചിച്ചതായി രേഖകള്‍ പറയുന്നു.