യാത്രാനിരോധം റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വൈറ്റ് ഹൌസ്
|ഇറാന്‍, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ ആറ് മുസ്‌ലിം രാജ്യങ്ങളിലുള്ള പൌരന്‍മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത് മാര്‍ച്ച് ആറിനാണ്
യാത്രാനിരോധം റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വൈറ്റ് ഹൌസ്. ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൌരന്‍മാര്‍ക്ക് വിസ വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ പുതിയ ഉത്തരവ് ഹവായ്, മേരിലാന്‍ഡ് ജഡ്ജിമാരാണ് വിലക്കിയത്. വിധി അംഗീകരിക്കാനാകില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.
ഇറാന്‍, ലിബിയ, സിറിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ ആറ് മുസ്‌ലിം രാജ്യങ്ങളിലുള്ള പൌരന്‍മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് 90 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത് മാര്‍ച്ച് ആറിനാണ്. എന്നാല്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കോടതി സമീപിക്കുകയും ഹവായ്, മേരിലാന്‍ഡ് കോടതികള്‍ ഉത്തരവ് റദ്ദാക്കുകയുമായിരുന്നു. തുടര്‍ന്ന് കോടതി വിധിയെ സ്വാഗതം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിദഗ്ധരും രംഗത്തെത്തിയിരുന്നു. ഹവായ്, മേരിലാന്‍ഡ് കോടതി വിധികള്‍ക്കെതിരെ അപ്പീല്‍ പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്ത് തീവ്രവാദം തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്പോള്‍, അഭൂതപൂര്‍വമായ ജുഡീഷ്യല്‍ വിധികളിലൂടെ അത് അട്ടിമറിക്കപ്പെടുകയാണെന്ന് വൈറ്റ്ഹൌസ് വ്യക്തമാക്കി. കൂടാതെ മാര്‍ച്ച് ആറിലെ ഉത്തരവ് നടപ്പാക്കാനാവശ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ വ്യക്തമാക്കി.