ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിരോധമുയർത്താൻ പുതിയ സംഘടനയുമായി ഹിലരി
|ഓൺവാർഡ് ടുഗെതർ എന്നാണ് ഹിലരി ക്ലിന്റന്റെ പുതിയ സംഘടനയുടെ പേര്
ഡൊണാൾഡ് ട്രംപിനെതിരെ പുതിയ നീക്കവുമായി മുൻ വിദേശകാര്യ സെക്രട്ടറിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായിരുന്ന ഹിലരി ക്ലിന്റൺ രംഗത്ത്. ട്രംപിന്റെ തീരുമാനങ്ങൾക്കും ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കുമെതിരെ പ്രതിരോധമുയർത്താൻ പുതിയ സംഘടനയുമായാണ് ഹില്ലരിയുടെ വരവ്.
ഓൺവാർഡ് ടുഗെതർ എന്നാണ് ഹിലരി ക്ലിന്റന്റെ പുതിയ സംഘടനയുടെ പേര്. ഭരണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പൊതുജനത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്നാണ് ഹില്രിയുടെ അഭിപ്രായം. അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ സ്ഥാനങ്ങൾ തേടിയുള്ള ഹില്ലരിയുടെ നീക്കത്തിന്റെ ഭാഗമാണ് പുതിയ സംഘടനയെന്നാണ് അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഭരണവുമായി ബന്ധപ്പെട്ട മേഖലകളിൽ പൊതുജനത്തിന്റെ ഇടപെടൽ അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് തന്നെ പുതിയ സംഘടന രൂപീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹില്രി പറഞ്ഞു. ട്രംപിനെതിരായ നീക്കത്തിൽ അണിചേരണമെന്നും പൂർണ പിന്തുണയുണ്ടാകണമെന്നും അവർ അണികളോട് ആവശ്യപ്പെട്ടു.
പുരോഗമന ചിന്താഗതിയും ആശയങ്ങളുമുള്ള ആർക്കും തന്റെ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാമെന്നും അമേരിക്കയുടെ നന്മയും വളർച്ചയും മാത്രം ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംഘടനയെന്നും ഹില്രി വ്യക്തമാക്കി.