ഉപരോധം തള്ളി ജപ്പാന് മുകളിലൂടെ മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ
|യുഎന്‍ ഉപരോധമൊന്നും വകവെക്കാതെ ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വീണ്ടും ഉത്തര കൊറിയയുടെ വെല്ലുവിളി.
യുഎന്‍ ഉപരോധമൊന്നും വകവെക്കാതെ ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വീണ്ടും ഉത്തര കൊറിയയുടെ വെല്ലുവിളി. തലസ്ഥാനമായ പ്യോങ്‍യാങില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഇത് രണ്ടാം തവണയാണ് ജപ്പാന്‍റെ ആകാശത്തിലൂടെ ഉത്തര കൊറിയ മിസൈല്‍ തൊടുത്തുവിടുന്നത്.
തലസ്ഥാനമായ പ്യോങ്‍യാങിലെ സുനാനില്‍ നിന്നാണ് കിഴക്കന്‍ ദിക്ക് ലക്ഷ്യമാക്കി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ജപ്പാന് മുകളിലൂടെ കടന്നുപോയ മിസൈല്‍ 3700 കിലോമീറ്റര്‍ താണ്ടി വടക്ക് പസഫിക് സമുദ്രത്തില്‍ പതിച്ചു. വടക്കന്‍ ജപ്പാന്‍, ഹൊക്കെയ്ഡോ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയാണ് മിസൈല്‍ കടലില്‍ പതിച്ചതെന്ന് ജപ്പാന്‍ അറിയിച്ചു. ദക്ഷിണ കൊറിയയും അമേരിക്കയും സ്ഥിതിഗതികള്‍ വിലയിരുത്തി. ജപ്പാന്‍ അധീന കടലില്‍ ദക്ഷിണ കൊറിയ ബാലിസ്റ്റിക് മിസൈല്‍ ഡ്രില്‍ നടത്താനിരിക്കെയാണ് ദക്ഷിണ കൊറിയയുടെ പ്രകോപനം.
കഴിഞ്ഞ മാസവും ഉത്തര കൊറിയ തൊടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ് 12 ജപ്പാന്‍റെ ആകാശത്തിന് മുകളിലൂടെ പറന്നിരുന്നു. ഇതേതുടര്‍ന്ന് യുഎന്‍ ഉത്തര കൊറിയക്കെതിരെ വീണ്ടും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം വകവെക്കാതെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം. ജപ്പാനും ദക്ഷിണ കൊറിയയും അമേരിക്കയും ഉത്തര കൊറിയയുടെ നടപടിയെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഉത്തര കൊറിയ.