ആസിഡ് ആക്രമണത്തിലെ ഇര ന്യൂയോര്‍ക്ക് ഫാഷന്‍ ഷോയില്‍ ചുവടു വച്ചപ്പോള്‍
|അര്‍ച്ചന കൊച്ചാര്‍ ഡിസൈന്‍ ചെയ്ത നീളമുള്ള ഗൌണ്‍ ആയിരുന്നു ഫാഷന്‍ ഷോയിലെ രേഷ്മയുടെ വേഷം
ചുറ്റും നിന്നവരെയെല്ലാം നിഷ്പ്രഭരാക്കിക്കൊണ്ടായിരുന്നു അവള്‍ വേദിയിലേക്ക് ക്യാറ്റ് വാക്ക് നടത്തിയത്. കണ്ടു നിന്നവരില്‍ ആത്മവിശ്വാസം നിറയ്ക്കുന്ന ചലനങ്ങള്‍. ആസിഡിന്റെ പൊള്ളല്‍ വീഴ്ത്തിയ മുഖത്തിന് മുന്‍പെങ്ങുമില്ലാത്ത ഭംഗി. വ്യാഴാഴ്ച നടന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചടക്കിയത് രേഷ്മ ഖുറേഷിയായിരുന്നു, ആസിഡ് ആക്രമണത്തില്‍ മുഖം നഷ്ടപ്പെട്ട ഇന്ത്യാക്കാരി.
അര്‍ച്ചന കൊച്ചാര്‍ ഡിസൈന്‍ ചെയ്ത നീളമുള്ള ഗൌണ്‍ ആയിരുന്നു ഫാഷന്‍ ഷോയിലെ രേഷ്മയുടെ വേഷം. തനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവമാണിതെന്നു ഇപ്പോള്‍ എന്റെ ജീവിതം മാറിയതായും രേഷ്മ പറഞ്ഞു.
മുംബൈ സ്വദേശിനിയാണ് രേഷ്മ. പതിനേഴ് വയസുള്ളപ്പോഴാണ് അടുത്ത ബന്ധു കൂടിയായ പയ്യന്‍ രേഷ്മക്കെതിരെ ആസിഡ് എറിയുന്നത്. ആക്രമണത്തില്‍ മുഖത്തിനും കൈകള്‍ക്കും പൊള്ളലേറ്റു. മുഖം നഷ്ടപ്പെട്ട അവള്‍ക്ക് പൊതുജനത്തെ അഭിമുഖീകരിക്കാന്‍ ഭയമായിരുന്നു. ഇച്ഛാശക്തി കൊണ്ട് പരിമിതികളെ മറികടന്ന രേഷ്മ ഇന്ന് ആസിഡ് ആക്രമണത്തിനിരയായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. മേക്ക് ലവ് നോ സ്കാര്‍സ് എന്ന എന്‍ജിഒ സംഘടനയിലെ അംഗം കൂടിയാണ് പത്തൊന്‍പതുകാരിയായ രേഷ്മ.