International Old
International Old

ഹിസ്ബുള്ള ബന്ധം; 1100 വിദേശികളോട് രാജ്യം വിടണമെന്ന് കുവൈത്ത്

admin
|
26 May 2018 12:57 PM GMT

സിറിയ, ലെബനോന്‍ പൗരന്‍മാരെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം 'അപകടകാരി' പട്ടികയില്‍ പെടുത്തിയത്.

ഹിസ്ബുള്ള ബന്ധമുള്ളതായി സംശയിക്കുന്ന 1100 വിദേശികളോട് രാജ്യം വിടാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം . സിറിയ, ലെബനോന്‍ പൗരന്‍മാരെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം 'അപകടകാരി' പട്ടികയില്‍ പെടുത്തിയത് . ലെബാനോനിലെ ഷിയാഅനുകൂല വിഭാഗമായ ഹിസ്ബുള്ളയെ ജിസിസിയും അറബ് ലീഗും ഭീകരസംഘടനയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ഹിസ്ബുള്ളയുമായി ബന്ധം പുലര്‍ത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു . ഇത് പ്രകാരം ലഭ്യമായ പട്ടികയില്‍ നിന്നാണ് കുവൈത്തിലുള്ള ഹിസ്ബുള്ള അനുകൂലികളുടെ പേര് വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത് . കുവൈത്തില്‍ താമസാനുമതിയുള്ള 1100 പേരെയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് . സിറിയ ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇവരോട് ഒരു മാസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത് . പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ അവധിക്കും മറ്റുമായി രാജ്യത്തിനു പുറത്താണെങ്കില്‍ തിരികെ പ്രവേശിപ്പിക്കരുതെന്നും ഇഖാമ പുതുക്കി നല്കരുതെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് മുഹമ്മദ് ഖാലിദ് അല്‍ സബാഹ് എമിഗ്രേഷന്‍ ജവാസാത്ത് വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്കി .

അതിനിടെ ഹിസ്ബുള്ളയുമായി ചേര്‍ന്ന് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ അപ്പീല്‍ കോടതി ഈ ,മാസം 30 നു വാദം കേള്‍ക്കും .രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു പേര്‍ക്ക് മാത്രം വധശിക്ഷ നല്‍കിയ തീരുമാനം ശരിയായില്‌ളെന്നും മുഴുവന്‍ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. ഇറാനുമായും ഹിസ്ബുല്ലയുമായും ചേര്‍ന്ന് രാജ്യത്ത് സ്‌ഫോടനങ്ങളും അതുവഴി അസ്ഥിരതയും ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് 26 പ്രതികള്‍ക്കെതിരെ രാജ്യ സുരക്ഷാ വിഭാഗം ചുമത്തിയ കുറ്റം. നിരവധി സിറ്റിങ്ങുകള്‍ക്ക് ശേഷം കുറ്റാന്വേഷണ കോടതി രണ്ടു പേര്‍ക്ക് വധശിക്ഷയും 14 പേര്‍ക്ക് തടവും വിധിച്ചിരുന്നു.

Similar Posts