![ഗ്രീസിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നു ഗ്രീസിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നു](https://www.mediaoneonline.com/h-upload/old_images/1068215-greeceap120206113361.webp)
ഗ്രീസിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നു
![](/images/authorplaceholder.jpg?type=1&v=2)
തുര്‍ക്കിയുമായി യൂറോപ്യന്‍ യൂണിയനുണ്ടാക്കിയ കരാര്‍ അഭയാര്‍ഥികളെ തടവിലാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തു
![](https://www.mediaonetv.in/mediaone/2018-06/10e17b56-296b-41ef-922d-f4e5b5cb6c3b/greece_ap12020611336_1.jpg)
യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയിലുണ്ടാക്കിയ കരാര്‍ ലംഘിച്ച് ഗ്രീസിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നു. അഭയാര്‍ഥികളെ തടയാന്‍ പൊലീസ് നിലയുറപ്പിച്ചതോടെ നിരവധി തവണ ഏറ്റുമുട്ടലുണ്ടായി. തുര്‍ക്കിയുമായി യൂറോപ്യന്‍ യൂണിയനുണ്ടാക്കിയ കരാര്‍ അഭയാര്‍ഥികളെ തടവിലാക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം അഭയാര്‍ഥികളായി എത്തുന്നവരെ തുര്‍ക്കിയിലേക്ക് അയക്കുമെന്നാണ് ധാരണ.ഇതിന് ശേഷം നിരവധി ബോട്ടുകളാണ് അഭയാര്‍ഥികളെയും വഹിച്ച് തുര്‍ക്കിയില്‍ നിന്ന് മെഡിറ്ററേനിയന്‍ തീരത്തെത്തിയത്. ഇവരില്‍ ഭൂരിഭാഗവും സിറിയയില്‍ നിന്നുള്ളവരാണ്.
ഗ്രീസ് അതിര്‍ത്തിയിലെത്തിയവര്‍ നിരവധി തവണ പൊലീസുമായി ഏറ്റുമുട്ടി.ഉടമ്പടി പ്രകാരം സിറിയയില്‍ നിന്ന് വരുന്ന അഭയാര്‍ഥികളെ തുര്‍ക്കിയുടെ അഭയാര്‍ഥി ക്യാമ്പിലേക്ക് അയക്കും. ഇതിന് വേണ്ട ധനസഹായം യൂറോപ്യന്‍ യൂനിയന്‍ നല്‍കും. യൂറോപ്പിലേക്ക് കുടിയേറുന്ന ഭൂരിഭാഗം പേരും തങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വരുന്നത്. ഇതിന് പുറമെ മുന്‍കാലങ്ങളില്‍ പലായനം ചെയ്ത തങ്ങളുടെ കുടുംബാംഗങ്ങളുമായി കൂടിച്ചേരലിനായി എത്തുന്നവരും കുറവല്ല.അഭയാര്‍ഥികളുടെ ഒഴുക്കും കള്ളക്കടത്തും തടയുക എന്ന ലക്ഷ്യം പറഞ്ഞ് ഉണ്ടാക്കിയ കരാറിനെതിരെ യൂറോപ്പിലെ തെരുവുകളില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഉടമ്പടി വരുന്നതിന് മുമ്പെ കഴിഞ്ഞ വെള്ളിയാഴ്ച 1500 അഭയാര്‍ഥികള്‍ ഈജിയന്‍ മുറിച്ചു കടന്നതായി അധികൃതര്‍ പറഞ്ഞു.അഭയാര്‍ഥികളെ തിരികെയെത്തിക്കുന്നതിനായി 2300 സുരക്ഷാ ജീവനക്കാരെയാണ് സജ്ജമാക്കി വെച്ചിരിക്കുന്നത്. ഫ്രാന്‍സും ജര്‍മനിയും 600 സുരക്ഷാ ജീവനക്കാരെ അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള അടിയാണ് പുതിയ ഉടമ്പടിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞിരുന്നു. ഉടമ്പടി അഭയാര്‍ഥികളെ തടവുകാരാക്കിയെന്ന് ഐക്യരാഷ്ട്ര സഭയും വിമര്‍ശിച്ചു.