ഇറാന്റെയും റഷ്യയുടെയും കൈയില്‍ ചോരക്കറയെന്ന് ഒബാമ
|അലപ്പോ കൂട്ടക്കുരുതിയില്‍ ഇറാനെയും റഷ്യയെയും വിമര്‍ശിച്ച് ബറാക് ഒബാമ.
അലപ്പോ കൂട്ടക്കുരുതിയില്‍ ഇറാനെയും റഷ്യയെയും വിമര്‍ശിച്ച് ബറാക് ഒബാമ. ഇറാന്റെയും റഷ്യയുടെയും കൈയിൽ ചോരക്കറ പുരണ്ടിരിക്കുകയാണെന്നും അലപ്പോയിലെ ക്രൂരത ലോകം മറക്കില്ലെന്നും ഒബാമ പറഞ്ഞു. വൈറ്റ് ഹൗസിൽ സ്ഥാനമൊഴിയുന്നതിന് മുമ്പുള്ള അവസാന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒബാമ.
ലോകത്തിന്റെ പല ഭാഗങ്ങളിലും പരിഹരിക്കാൻ കഴിയാത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയുണ്ട്. നിസ്സഹായരായ ജനങ്ങൾ അതുമൂലം ദുരിതമനുഭവിക്കുന്നു. എന്നാൽ ഇപ്പോൾ അലപ്പോയിലെ ജനങ്ങളെപ്പോലെ പീഡനമനുഭവിക്കുന്നവർ വേറെയില്ല. ഇങ്ങനെയായിരുന്നു അലപ്പോയെക്കുറിച്ച് ഒബാമ പറഞ്ഞു തുടങ്ങിയത്.
അലപ്പോയിൽ സാധാരണ ജനങ്ങള്‍ക്കു നേരെയാണ് ആക്രമണം നടക്കുന്നതെന്നു പറഞ്ഞ ഒബാമ ഇറാന്റെയും റഷ്യയുടെയും കൈയിൽ ചോരക്കറ പുരണ്ടിരിക്കുകയാണെന്നും പറഞ്ഞു. സിറിയൻ ഭരണകൂടം സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സിറിയയിൽ സൈന്യത്തിന്റെ ക്രൂരതക്കിരയാവുന്നവരെ സുരക്ഷിതമായ ഇടനാഴികളിലൂടെ ഒഴിപ്പിക്കുന്നത് ഏകോപിപ്പിക്കാൻ സ്വതന്ത്രമായ അന്താരാഷ്ട്ര നിരീക്ഷണ സേന വേണമെന്നും ഒബാമ ആവശ്യപ്പെട്ടു.
സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താനും താന്‍ ശ്രമിച്ചു വരികയായിരുന്നുവെന്നും സ്ഥാനമൊഴിയുന്നതിന് മുമ്പുള്ള അവസാന വാർത്താ സമ്മേളനത്തിൽ ഒബാമ കൂട്ടിച്ചേര്‍ത്തു.