ചൈനയില്‍ റമദാന്‍ പുണ്യം പകര്‍ന്ന് ഇന്ത്യാക്കാര്‍
|പള്ളിയോട് ചേർന്ന് ഇഫ്താർ ഒരുക്കുന്നതിൽ മലയാളികളും ഏറെ സജീവമാണ്
ചൈനയിൽ റമദാൻ വ്രതമനുഷ്ഠിച്ചും ഇഫ്താർ ഒരുക്കിയും തദ്ദേശീയർക്കൊപ്പം ഇന്ത്യക്കാർ ഉൾപ്പെടുന്ന നിരവധി വിദേശികളും. പള്ളിയോട് ചേർന്ന് ഇഫ്താർ ഒരുക്കുന്നതിൽ മലയാളികളും ഏറെ സജീവമാണ്.
ചൈനയിലെ രണ്ട് പ്രധാന നഗരങ്ങളായ ഗാങ്ഷൂ, യിവു എന്നിവിടങ്ങളിലാണ് റമദാൻ സജീവത കൂടുതൽ. ഗാങ്ഷുവിലെ അബി വഖാസ് പള്ളിയിലും യിവുവിലെ പ്രധാന പള്ളിയിലും നടക്കുന്ന ഇഫ്താർ ചടങ്ങിൽ നൂറുകണക്കിനാളുകളാണ് നിത്യം പങ്കുചേരുന്നത്. ചൈനീസ് മുസ്ലിംകൾക്കു പുറമെ, ഇന്ത്യ, പാകിസ്താൻ, ഈജിപ്ത്, ശ്രീലങ്ക, ബംഗ്ലാദേശ്, ലബനാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്ന് ബിസിനസ് ആവശ്യാർഥം ഇവിടെ ചേക്കേറിയ നിരവധി മുസ്ലീംകളും ഇഫ്താറിനായി പള്ളിയിൽ ഒത്തുചേരുന്നു. ഇരു നഗരങ്ങളിലുമായി നൂറോളം മലയാളികളും ഉണ്ട്.
യിവുവിൽ മാത്രം 35,000 മുസ്ലിംകൾ ഉണ്ട്. പുറമെ നിന്നുള്ളവരുടെ ആധിക്യം കൂടിയതോടെ ചൈനീസ് അധികൃതർ തന്നെയാണ് പ്രാർഥനാ സൗകര്യവും മറ്റും ഒരുക്കിയത്. ചൈനയുടെ ദക്ഷിണ ഭാഗത്തുള്ള ഗാങ്ഷൂവിലാണ് മുസ്ലിംകൾ കൂടുതൽ. 36 ഒാളം മുസ്ലിം റസ്റ്റോറന്റുകളാണ് ഇപ്പോൾ ഇവിടെയുള്ളത്.
വാണിജ്യ നഗരങ്ങളിലേക്ക് പുറം രാജ്യങ്ങളിൽ നിന്നുള്ളവരുടെ വരവ് വർധിച്ചതോടെ കൂടുതൽ കേന്ദ്രങ്ങളിൽ താൽക്കാലിക പ്രാർഥനാ സൗകര്യവും രൂപം കൊണ്ടു വരികയാണ്. ചൈനയിലെ പൊതുസമൂഹം റമദാൻ വ്രതത്തെ വലിയ താൽപര്യത്തോടെയാണിപ്പോൾ നോക്കിക്കാണുന്നതും.