ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമക്കെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി
|രഹസ്യ ബാലറ്റ് നടന്നാല്‍ സുമയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമക്കെതിരായ അവിശ്വാസ പ്രമേയത്തിന് ഉന്നത കോടതിയുടെ അനുമതി. രഹസ്യ ബാലറ്റ് വേണമോ എന്ന കാര്യത്തില്‍ പാര്‍ലമെന്റ് സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. രഹസ്യ ബാലറ്റ് നടന്നാല്‍ സുമയെ പുറത്താക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡെമോക്രാറ്റിക് അലയന്‍സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തിന്മേല് രഹസ്യ വോട്ട് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ദേശീയ അസംബ്ലി സ്പീക്കര്‍ ബാലെകാ എംബെറ്റ് അംഗീകരിച്ചിരുന്നില്ല. നിലവിലെ പാര്‍ലമെന്റ് നിയമ പ്രകാരം സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ നേരിട്ട് തീരുമാനമെടുക്കാനാകില്ലെന്നും ചീഫ് ജസ്റ്റിന്റെ അനുമതി വേണമെന്നുമായിരുന്നു എംബെറ്റിന്റെനിലപാട്. അവിശ്വാസ പ്രമേയത്തിന്മേല് രഹസ്യ വോട്ടെടുപ്പ് വേണമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതോടെ ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങി. എന്നാല്‍ സ്പീക്കറുടെ അനുമതി ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.
ഭരണ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ട്. അതിനാല്‍ അവിശ്വാസ പ്രമേയം മറികടക്കാനാകുമെന്നാണ് 75 കാരനായ ജേക്കബ് സുമയുടെ കണക്കു കൂട്ടല്‍. എന്നാല്‍ രഹസ്യ വോട്ടിന് അനുമതി കിട്ടിയാല്‍ ഭരണ കക്ഷി അംഗങ്ങളെ കൂട്ടുപിടിച്ച് സുമയെ താഴെയിറക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
നേരത്തെ നാല് തവണ സുമ അവിശ്വാസ പ്രമേയത്തെ മറികടന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണയുണ്ടായ മന്ത്രിസഭാ പുനസ്സംഘടനയില്‍ ധനകാര്യമന്ത്രിയായിരുന്ന പ്രവീണ്‍ ഗോര്‍ധനെ പുറത്താക്കിയതില്‍ ഭരണ കക്ഷിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇത് മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് അലയന്‍സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘം. 2009 ല്‍ പ്രസിഡന്റായ സുമ 2014 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.