തുര്‍ക്കിയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തില്‍: ഓര്‍ഹാന്‍ പാമുക്
|എതിര്‍ശബ്ദങ്ങളെ പ്രസിഡന്‍റ് രജത് ത്വയിബ് ഉര്‍ദുഗാന്‍ നിയമം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഓര്‍ഹന്‍ പാമുക് ആരോപിച്ചു.
തുര്‍ക്കിയില്‍ അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് എഴുത്തുകാരനും നോബേല്‍ ജേതാവുമായ ഒര്‍ഹന്‍ പാമുക്. എതിര്‍ശബ്ദങ്ങളെ പ്രസിഡന്‍റ് രജത് ത്വയിബ് ഉര്‍ദുഗാന്‍ നിയമം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഓര്‍ഹന്‍ പാമുക് ആരോപിച്ചു.
2014ല്‍ ഉര്‍ദുഗാന്‍ പ്രസിഡന്റായതിന് ശേഷം 1800ലധികം കേസുകളാണ് ഉര്‍ദുഗാനെ അപമാനിച്ചെന്ന് പറഞ്ഞ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളുമെല്ലാം പെടും. ഉര്‍ദുഗാനെതിരെ പത്രത്തിലെ കോളത്തില്‍ എഴുതിയതിന് കേസ് നേരിടുന്ന എഴുത്തുകാരനായ മൂറത് ബെല്‍ജെയുടെ കേസിന്റെ വാദപ്രതിവാദങ്ങള്‍ കേള്‍ക്കാനെത്തിയതായിരുന്നു പാമുക്. തുര്‍ക്കിക്ക് വിസ ഉദാരീകരണം അനുവദിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കിയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുകൂടി ചിന്തിക്കണമെന്ന് പാമുക് പറഞ്ഞു.
രാഷ്ട്രീയപോരാട്ടങ്ങള്‍ക്കുവേണ്ടി കോടതികളെ ഉപയോഗിച്ച ചരിത്രമുണ്ട് തുര്‍ക്കിക്ക്. അര്‍മേനിയന്‍ വംശജരെയും കുര്‍ദ്ദുകളെയും കൊന്നൊടുക്കുന്നതിനെതിരെ എഴുതിയതിന് പാമുകിനെതിരെയും കേസെടുത്തിരുന്നു. തുര്‍ക്കിയില്‍ ജൂഡീഷ്യറി ലെജിസ്ലേറ്റീവിന്റെ പിണിയാളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എഴുത്തുകാര്‍ ആരോപിക്കുന്നുണ്ട്.