റഷ്യയ്ക്ക് വീണ്ടും പുടിന്‍കാലം: നാലാം തവണയും വ്ലാദിമിര്‍ പുടിന്‍ തന്നെ പ്രസിഡന്റ്
|2000ത്തില്‍ തുടങ്ങിയതാണ് റഷ്യക്ക് പുടിന്‍ കാലം. നീണ്ട 18 വര്‍ഷം പൂര്‍ത്തിയായി.
വ്ലാദിമിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. തുടര്‍ച്ചയായ നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റാകുന്നത്. രാജ്യത്തിന്റെ പുരോഗതി മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പുടിന്‍ പറഞ്ഞു.
2000ത്തില്‍ തുടങ്ങിയതാണ് റഷ്യക്ക് പുടിന്‍ കാലം. നീണ്ട 18 വര്‍ഷം പൂര്‍ത്തിയായി. ഇനിയുള്ള ആറ് വര്‍ഷവും റഷ്യന്‍ ജനതയുടെ അമരക്കാരനാകാന്‍ അവര്‍ വീണ്ടും വ്ലാദിമിര്‍ പുടിനെത്തന്നെ തിരഞ്ഞെടുത്തു. ഐക്യമാണ് ഈ വിജയം പറഞ്ഞുവെക്കുന്നത്. രാജ്യപുരോഗതിക്ക് ഈ ഐക്യമാണ് ആവശ്യം. ഓരോ റഷ്യക്കാരന്റെയും ഉറച്ച പിന്തുണയാണ് മുന്നോട്ടു സഞ്ചരിക്കാനുള്ള ഊര്‍ജമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
അനായാസമായാണ് പുടിന്‍ തന്റെ നാലാം തവണത്തെ പ്രസിഡന്റ് പദവിയിലേക്കും നടന്നുകയറിയത്. മത്സരം പ്രവചനാതീതമായിരുന്നില്ല. മത്സരിച്ച 8 പേരില്‍ വ്ളാദിമിര്‍ പുടിന് പോന്ന ഒരു എതിരാളി പോലും ഉണ്ടായിരുന്നില്ല. വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ പ്രതിപക്ഷനേതാവ് അലക്സി നവല്‍നിക്ക് മത്സരിക്കാന്‍ സാധിക്കാതിരുന്നതും പുടിന്റെ വിജയം എളുപ്പമാക്കി. രണ്ട് ദശാബ്ദക്കാലം റഷ്യന്‍ ഭരണാധികാരിയാകുന്നുവെന്ന പ്രത്യേകതയും പുടിന്റെ വിജയത്തിനുണ്ട്.