International Old
ഡിസ്നി വരും മുമ്പേ ചൈനയില്‍ വാണ്ട സിറ്റി ഒരുങ്ങിഡിസ്നി വരും മുമ്പേ ചൈനയില്‍ വാണ്ട സിറ്റി ഒരുങ്ങി
International Old

ഡിസ്നി വരും മുമ്പേ ചൈനയില്‍ വാണ്ട സിറ്റി ഒരുങ്ങി

admin
|
26 May 2018 9:21 AM GMT

ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള തീം പാര്‍ക്ക് 'വാണ്ട സിറ്റി' ദക്ഷിണ കിഴക്കന്‍ ചൈനയിലെ നാന്‍ചാംഗില്‍ തുറന്നു.

ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള തീം പാര്‍ക്ക് 'വാണ്ട സിറ്റി' ദക്ഷിണ കിഴക്കന്‍ ചൈനയിലെ നാന്‍ചാംഗില്‍ തുറന്നു. അമേരിക്കയിലെ എന്‍റര്‍ടെയിന്‍മെന്റ് ഭീമനായ ഡിസ്‌നിയുടെ അദ്ഭുത ലോകം ഷാങ്ഹായില്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മേഖലയില്‍ മത്സരത്തിന് കളമൊരുക്കി വാണ്ട സിറ്റിയുടെ രംഗപ്രവേശം.

രണ്ടു ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന കൂറ്റന്‍ മാളും, ഏറ്റവും ഉയരത്തിലുള്ളതും നീളമുള്ളതുമായ റോളര്‍ സ്‌കേറ്ററും, ചൈനയിലെ ഏറ്റവും ഉയരമുള്ള ഡ്രോപ് ടവറും ഉള്‍ക്കൊള്ളുന്ന വാണ്ട സിറ്റി 80 ഹെക്ടറിലായാണ് വ്യാപിച്ചു കിടക്കുന്നത്. ചെനയിലേക്ക് എത്തുന്ന ഡിസ്‌നിയെ പച്ച തൊടീക്കില്ലെന്നാണ് തീം പാര്‍ക്കിന്റെ ഉടമസ്ഥനും ശതകോടീശ്വരനുമായ വാംഗ് ജിയാന്‍ലിന്‍ പറയുന്നത്. ചൈനീസ് സംസ്‌കാരത്തിനു മാതൃകയാകുന്ന ഒന്നാണ് തന്റെ തീം പാര്‍ക്കെന്നും വിദേശ സംസ്‌കാരത്തിന്റെ 'അധിനിവേശത്തെ' ചെറുക്കണമെന്നും വാംഗ് ആഹ്വാനം ചെയ്തു.

3.4 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് തീം പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ആറു തീം പാര്‍ക്കുകള്‍ കൂടി തുടങ്ങാന്‍ ലക്ഷ്യമിടുന്ന വാംഗ് 2020 ഓടെ സംഖ്യ ഇരുപതാക്കുമെന്ന് അവകാശപ്പെടുന്നു. 5.5 ബില്യണ്‍ ഡോളര്‍ മുടക്കി ഷാങ്ഹായില്‍ ഡിസ്‌നി തുടങ്ങുന്ന തീം പാര്‍ക്ക് അമേരിക്കയ്ക്ക് പുറത്ത് അവര്‍ തുടങ്ങുന്ന നാലാമത്തെ സംരംഭമാണ്.

ചൈനയിലെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാന്‍ പറ്റുന്ന വിധത്തില്‍ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഭീമന്‍ കരുതുന്നു.അമേരിക്കന്‍ സിനിമ ശൃംഖലയായ എ.എം.സി എന്‍റര്‍ടെയിന്‍മെന്‍റ് 2012 ല്‍ സ്വന്തമാക്കിയ വാംഗിന്‍റെ കമ്പനി സിനിമാ നിര്‍മാണം, പ്രിന്‍റ് മീഡിയ, കല എന്നിവയിലെല്ലാം നിക്ഷേപം നടത്തി വരികയാണ്.

Related Tags :
Similar Posts