ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ
|ഇന്നലെ വിക്ഷേപിക്കാന്‍ ശ്രമിച്ച മിസൈല്‍ വിക്ഷേപണത്തറയില്‍ വെച്ചു തന്നെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയം പറയുന്നു
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പരാജയപ്പെട്ടതായി ദക്ഷിണ കൊറിയ. ഇന്നലെ വിക്ഷേപിക്കാന്‍ ശ്രമിച്ച മിസൈല്‍ വിക്ഷേപണത്തറയില്‍ വെച്ചു തന്നെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയം പറയുന്നു. മിസൈല്‍ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ പ്രാദേശിക സമയം രാവിലെ 5.30നാണ് പരീക്ഷണം നടന്നത്. ജനുവരി മുതല്‍ ഉത്തര കൊറിയ നടത്തിവരുന്ന ആണവ പരീക്ഷണങ്ങളുടെയും ഉപഗ്രഹ വിക്ഷേപണങ്ങളുടെയും തുടര്‍ച്ചയാണ് പരീക്ഷണം. വിക്ഷേപണ ശ്രമങ്ങള്‍ക്കിടെ ലോഞ്ചിങ് പാഡില്‍ വെച്ചു തന്നെ മിസൈല്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്റര്‍ മീഡിയേറ്റ് റേഞ്ച് മുസുഡാന്‍ മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ മുസുഡാന്‍ മിസൈലുകള്‍ വിജകരമായി പരീക്ഷിക്കാന്‍ ഉത്തര കൊറിയക്ക് കഴിഞ്ഞിട്ടില്ല. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ജപ്പാന് സൈന്യം കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. ജപ്പാന് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പക്ഷേ എന്ത് സംഭവിച്ചാലും നേരിടാന്‍ സൈന്യം തയ്യാറാണെന്നും ജപ്പാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരീക്ഷണം പരാജയമായിരുന്നെങ്കിലും ജപ്പാന് സുരക്ഷാ മുന്‍കരുതലുകള്‍ തുടരുകയാണ്.