ട്രംപിന്‍റെ 'റഷ്യന്‍ ബന്ധം' ചികഞ്ഞ ജയിംസ് കോമി പുറത്ത്
|എഫ്.ബി.ഐ മേധാവിയെ നീക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളിലെന്നും പുതിയ മേധാവിയെ ഉടൻ നിയമിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.....
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ട്രംപിന്‍റെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോമിയെ പുറത്താക്കിയത്. രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ ജയിംസ് കോമി പ്രാപ്തനല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എഫ്.ബി.ഐ മേധാവിയെ നീക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളിലെന്നും പുതിയ മേധാവിയെ ഉടൻ നിയമിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ജയിംസ് കോമിയെ മാറ്റിയത് രാജ്യത്തിനും രഹസ്യാന്വേഷണ ഏജൻസിക്കും വലിയ നഷ്ടമാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ റിച്ചാർഡ് ബർ ചൂണ്ടിക്കാട്ടി.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല റഷ്യ-ട്രംപ് ബന്ധമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ഈ ബന്ധം സമീപ കാലത്ത് ശക്തി പ്രാപിക്കുകയായിരുന്നുവെന്നും വ്യക്തമാക്കുന്ന ഡോസിയര്‍ (രഹസ്യരേഖ) മുൻ പ്രസിഡന്‍റ് ബറാക് ഒബാമക്ക് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നേരത്തെ കൈമാറിയിരുന്നു. ഈ രഹസ്യരേഖകൾ ഉപയോഗിച്ച് ട്രംപിനെ റഷ്യ ബ്ലാക് മെയില്‍ ചെയ്യാന്‍ വരെ സാധ്യതയുണ്ടെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മോസ്കോയില്‍ പര്യടനം നടത്തുമ്പോള്‍ ട്രംപ് സന്ദര്‍ശിച്ച ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റഷ്യ റെക്കോര്‍ഡ് ചെയ്തിരുന്നതായും രേഖയിൽ പരാമർശമുണ്ട്. കൂടാതെ, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനെതിരെ സൈബർ പ്രചാരണത്തിന് പുടിൻ ഉത്തരവിട്ടതിന്റെ രേഖകളും രഹസ്യാന്വേഷണ എജൻസി പുറത്തു വിട്ടിരുന്നു. റഷ്യൻ മിലിട്ടറി ഇൻറലിജൻസാണ് ഇത്തരമൊരു ഇടപെടൽ അമേരിക്കയിൽ നടത്തിയത്. തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി മാറിയ പല ഘടകങ്ങളും റഷ്യ അമേരിക്കയിൽ നിന്ന് ചോർത്തിയതാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്‍റെ റഷ്യൻ ബന്ധത്തെ കുറിച്ച് ജയിംസ് കോമി അന്വേഷണം ആരംഭിച്ചത്.
ഇമെയിൽ വിവാദത്തിൽ ഹിലരിക്കെതിരെ എഫ്.ബി.ഐ അന്വേഷണം നടത്തിയത് ജയിംസ് കോമിയുടെ നേതൃത്വത്തിലായിരുന്നു. സന്ദേശങ്ങൾ കൈമാറാൻ ഹിലരി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചത് മനഃപൂർവമല്ലെന്ന ആദ്യ അന്വേഷണത്തിലെ നിഗമനത്തിൽ തന്നെയാണ് രണ്ടാമത്തെ അന്വേഷണത്തിലും എഫ്.ബി.ഐ എത്തിച്ചേർന്നത്. തുടർന്ന് ഹിരലിയെ കുറ്റവിമുക്തയാക്കി. എന്നാൽ, ഇമെയിൽ വിവാദം അന്വേഷിക്കാൻ എഫ്.ബി.ഐ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വലിയ തിരിച്ചടി ഹിലരി നേരിടുകയും ചെയ്തു. ട്രംപിനോട് പരാജയപ്പെട്ടതിന് പിന്നാലെ എഫ്.ബി.ഐ മേധാവി ജയിംസ് കോമിക്കെതിരെ ഹിലരി രംഗത്തു വന്നിരുന്നു.