ദില്‍മയെ ഇംപീച്ച് ചെയ്യാന്‍ ഗൂഢാലോചന; തെളിവുകള്‍ പുറത്ത്
|ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിന് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്.
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യുന്നതിന് ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. തെളിവുകള്‍ക്ക് പിന്നാലെ ഒരു മന്ത്രിസഭാംഗം രാജി വെച്ചു.
അഴിമതി അന്വേഷണത്തില്‍നിന്ന് ശ്രദ്ധതിരിക്കുന്നതിനായി ദില്‍മയെ ഇംപീച്ച് ചെയ്യുന്നതിന് ഗൂഢാലോചന നടത്തുന്നതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ബ്രസീലിയന്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ ഇടക്കാല മന്ത്രിസഭയിലെ പ്രമുഖ അംഗം ഇതോടെ രാജിവെച്ചു. താല്‍ക്കാലിക പ്രസിഡന്റ് മൈക്കള്‍ ടെമറിന്റെ വിശ്വസ്തനും ഇടക്കാല മന്ത്രിസഭയിലെ ആസൂത്രണവകുപ്പ് മന്ത്രിയുമായ റൊമീറോ ജൂക്കയാണ് ദില്‍മക്കെതിരെ ഗൂഢാലോചന നടത്തിയതായി വെളിപ്പെട്ടത്. രാജിവെച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നുമാണ് ജൂക്കയുടെ പ്രതികരണം.
നേരത്തെ തന്റെ ഇംപീച്ച്‌മെന്റിന് ടെമറിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് ദില്‍മ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഗൂഢാലോചന നടത്തിയതിന്റെ തെളിവുകള്‍ പുറത്തായ സ്ഥിതിക്ക് ഇംപീച്ച്‌മെന്റ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ദില്‍മയുടെ വര്‍ക്കേഴ്‌സ് പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.