International Old
ദില്‍മ റൂസഫ് ഇംപീച്ച് ഭീഷണിയില്‍ദില്‍മ റൂസഫ് ഇംപീച്ച് ഭീഷണിയില്‍
International Old

ദില്‍മ റൂസഫ് ഇംപീച്ച് ഭീഷണിയില്‍

admin
|
28 May 2018 8:11 AM GMT

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമാവുന്നു.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യത ശക്തമാവുന്നു. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഎംഡിബി റൂസഫ് നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ നിന്ന് പിന്മാറി.

ബ്രസീല്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റില്‍ റൂസഫിനുള്ള ഭൂരിപക്ഷം നഷ്ടമാവും. ടൂറിസം മന്ത്രി ഹെന്റിക് ആല്‍വേസ് രാജിവെച്ചതോടെ ചിത്രം ഏതാണ്ട് വ്യക്തമായിരുന്നു. ബാക്കിയുള്ള 6 മന്ത്രിമാരോടുകൂടി പി.എം.ഡി.ബി രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇംപീച്ച്‌മെന്റ് ആവശ്യമുന്നയിച്ച് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് ചര്‍ച്ച ചെയ്യാനിരിക്കെയാണ് പി.എം.ഡി.ബി ചുവടുമാറ്റിയത്. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ബ്രസീലിയന്‍ ബാര്‍ അസോസിയേഷനാണ് പാര്‍ലമെന്റ് സ്പീക്കര്‍ക്ക് ഇംപീച്‌മെന്റിന് കത്ത് നല്‍കിയത്. എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വാദവുമായി റൂസഫ് പക്ഷം ഇംപീച്ച്‌മെന്റ് നടപടികളെ നേരിടാനാണ് സാധ്യത. എന്നാല്‍ പി.എം.ഡി.ബി കൂടെയില്ലാതെ ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്. 513 സീറ്റുകളുള്ള പാര്‍ലമെന്റിന്റെ അധോസഭയില്‍ പി.എം.ഡി.ബിക്ക് 68 അംഗങ്ങളുണ്ട്. ഇംപീച്ച്‌മെന്റ് കമ്മിറ്റിയില്‍ ഇപ്പോള്‍ റൂസഫ് വിരുദ്ധ പക്ഷത്തിനാണ് ഭൂരിപക്ഷം. വിഷയത്തില്‍ ഏപ്രില്‍ 17നാവും വോട്ടെടുപ്പ് നടക്കുക. പെട്രാ ബ്രാസ് അഴിമതി ആരോപണം, ബജറ്റ് തിരിമറി, സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങി നിരവധി വിഷയങ്ങളാവും പ്രതിപക്ഷം ഇംപീച്ച്‌മെന്റിനായി ഉന്നയിക്കുക.

Similar Posts