സാമ്പത്തിക സഹായം വെട്ടിക്കുറച്ചു; ട്രംപിനെതിരെ യു.എന്‍
|കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസഭക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ വെട്ടിച്ചുരുക്കിയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ അമേരിക്ക പ്രഖ്യാപിക്കുന്നത്.
ഐക്യരാഷ്ട്ര സഭക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ പ്രതിഷേധം. സമാധാന സേനക്കുള്ള ഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ പദ്ധതികള്‍ താളം തെറ്റുമെന്നാണ് യുഎന്‍ പക്ഷം. അന്താരാഷ്ട്ര തലത്തിലുള്ള യുഎന്‍ പദ്ധതികള്‍ ഇതോടെ അസാധ്യമാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്രസഭക്ക് അനുവദിക്കുന്ന ഫണ്ടുകള്‍ വെട്ടിച്ചുരുക്കിയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ അമേരിക്ക പ്രഖ്യാപിക്കുന്നത്. യുഎന്നിന്റെ സമാധാനശ്രമങ്ങള്‍ക്കായി നല്‍കിയിരുന്ന 7. 9 ബില്യണ്‍ ഡോളരാണ് അമേരിക്ക വെട്ടിക്കുറച്ചത്. ട്രംപിന്റെ നീക്കം സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് യു.എന്‍ വിമര്‍ശം. ഇതോടെ അവികസിത രാജ്യങ്ങള്‍ക്കും അഭയാര്‍ഥികള്‍ക്കും നല്‍കി വരുന്ന സഹായപദ്ധതികള്‍ താളം തെറ്റുമെന്നാണ് യു.എന്‍ ആശങ്ക. യു.എന്നിന് അനുവദിച്ചിരുന്ന ഫണ്ടില്‍ എത്ര കുറവുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടില്ലെങ്കിലും വെട്ടിച്ചുരുക്കിയ ഫണ്ട് ഒരു ബില്യണിലധികം വരുമെന്നാണ് സൂചന.
ട്രംപ് ബജറ്റ് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനം പിന്‍വലിക്കാമെന്നാണ് യുഎന്‍ പ്രതിനിധികള്‍ പ്രതീക്ഷിക്കുന്നത്. സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി 28. 5 ശതമാനമാണ് അമേരിക്കയുടെ സംഭാവന. ചൈനയെക്കാള്‍ മൂന്നിരട്ടിയാണിത്.