International Old
അല്‍ അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമംഅല്‍ അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം
International Old

അല്‍ അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം

Jaisy
|
28 May 2018 11:21 AM GMT

മസ്ജിദില്‍ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം ടിയര്‍ഗ്യാസും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു

നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെ അല്‍ അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേല്‍ അതിക്രമം. മസ്ജിദില്‍ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം ടിയര്‍ഗ്യാസും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചു. മുന്നറിയിപ്പില്ലാതെ നടത്തിയ ആക്രമണത്തില്‍ ഇരുനൂറോളം പേര്‍ക്കാണ് പരിക്കേറ്റത്.

രണ്ടാഴ്ചയോളം തുടര്‍ന്ന പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവിലാണ് മസ്ജിദുല്‍ അഖ്സയിലെ മുഴുവന്‍ നിയന്ത്രങങ്ങളും നീക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തയ്യാറായത്. ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനിടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 14 ന് മുന്‍പ് പള്ളിയിലുണ്ടായിരുന്ന അതേ അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയും നിയന്ത്രണങ്ങല്‍ പൂര്‍ണമായി നീക്കുകയും ചെയ്യുന്നതു വരെ പ്രക്ഷോഭം തുടരുമെന്നായിരുന്നു ഫലസ്തീനികളുടെ നിലപാട്. ഒടുവില്‍ ഇസ്രായേല്‍ മുട്ടുമടക്കുകയും ഫലസ്തീനികളുടെ വിജയം പൂര്‍ണമാവുകയും ചെയ്തതോടെ ആയിരക്കണക്കിന് ഫലസ്തീനികള്‍ മസ്ജിദിലേക്ക് കുതിച്ചു. സമീപകാലത്തെ ഏറ്റവും വലിയ പരാജയമാണ് ഇസ്രായേലി ന് മസ്ജിദുല്‍ അഖ്സ വിഷയത്തില്‍ ഉണ്ടായതെന്ന വിലയിരുത്തലുകള്‍ സജീവമാവുകയും ഫലസ്തീനികള്‍ ആഹ്ലാദം പങ്കുവെക്കുകയും ചെയ്യുന്നതിനിടെയാണ് മസ്ജിദിലെത്തിയ ഫലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പില്ലാതെ ആക്രമണം നടത്തിയത്. ഇരുനൂറോളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി റെഡ്ക്രസന്റിനെ ഉദ്ദരിച്ച് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റേത് ജാള്യംമറക്കാനുള്ള വൃഥാശ്രമമാണെന്ന് ഫലസ്തീനികളും പ്രതികരിച്ചു.

Similar Posts