International Old
ട്രംപിന്റെ പ്രഥമ വിദേശ സന്ദര്‍ശനം സൌദിയിലേക്ക്ട്രംപിന്റെ പ്രഥമ വിദേശ സന്ദര്‍ശനം സൌദിയിലേക്ക്
International Old

ട്രംപിന്റെ പ്രഥമ വിദേശ സന്ദര്‍ശനം സൌദിയിലേക്ക്

Khasida
|
29 May 2018 4:40 PM GMT

അറബ് ഇസ്ലാമിക രാജ്യത്തലവന്‍മാരുമായി അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനം ശനിയാഴ്ച. സൌദി തലസ്ഥാനമായ റിയാദിലേക്കാണ് ട്രംപിന്റെ പ്രഥമ സന്ദര്‍ശനം. അറബ് ഇസ്ലാമിക രാജ്യത്തലവന്‍മാരുമായി അമേരിക്കന്‍ പ്രസിഡന്റ് ചര്‍ച്ച നടത്തും. ട്രംപിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മൂന്ന് ഉച്ചകോടികള്‍ക്കാണ് റിയാദ് വേദിയാവുന്നത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഥമ വിദേശ സന്ദര്‍ശനം, അറബ് ഇസ്ലാമിക രാജ്യ തലവന്‍മാരുമായുള്ള കൂടിക്കാഴ്ച, സൌദി അമേരിക്ക ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വരും ദിവസങ്ങളിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും റിയാദിലേക്ക് കേന്ദ്രീകരിക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ സൌദിയിലെ ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. മൂന്നു ഉച്ചകോടികളാണ്​ പ്രധാനമായും റിയാദില്‍ നടക്കുന്നത്​. സൗദി- യു.എസ്​ ഉഭയകക്ഷി ചര്‍ച്ചയാണ് ആദ്യം നടക്കുക. സല്‍മാന്‍ രാജാവിന്‍റെയും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെയും സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും നിരവധി കരാറുകള്‍ ഒപ്പുവെക്കും.

ഞായറാഴ്ചയാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ച. അന്നു തന്നെ അറബ് ഇസ്ലാമിക രാജ്യങ്ങളും അമേരിക്കയും പങ്കെടുന്ന ഉച്ചകോടിയും നടക്കും. കിങ്​ അബ്ദുൽ അസീസ്​ കൺവെൻഷൻ സെൻററിൽ നടക്കുന്ന ഉച്ചകോടിയില്‍ ഇസ്ലാമിക ലോകത്ത് നിന്നും 55 രാഷ്ട്രനേതാക്കള്‍ പങ്കെടുക്കും. സൗദി-യു.എസ്​ വ്യാപാര, വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിനുള്ള സി.ഇ.ഒ ഫോറം. കിംങ് ഫെസല്‍ ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഭീകര വിരുദ്ധ ഫോറം‍, തുടങ്ങിയ പരിപാടികളിലും ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. മേഖലയുടെ സുസ്ഥിരതക്കും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരായ നീക്കങ്ങളെ ശക്തിപ്പെടുത്തുന്നതിനും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സൌദി സന്ദര്‍ശനം വലിയ പങ്കുവഹിക്കുമെന്നാണ്​ അറബ്​ലോകം പ്രതീക്ഷിക്കുന്നത്.

Related Tags :
Similar Posts