റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കം: ബംഗ്ലാദേശും മ്യാന്‍മറും തമ്മില്‍ ധാരണയായി
|ദിനേന 300 അഭയാര്‍ഥികളെയെങ്കിലും മ്യാന്‍മറില്‍ തിരിച്ചെത്തിക്കാനാണ് ധാരണ.
റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കത്തിന് ബംഗ്ലാദേശും മ്യാന്‍മറും ധാരണയായി. ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ദിനേന 300 അഭയാര്‍ഥികളെയെങ്കിലും മ്യാന്‍മറില്‍ തിരിച്ചെത്തിക്കാനാണ് ധാരണ.
ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ കോക്സ് ബസാറില്‍ താമസിക്കുന്ന ആയിരക്കണക്കിന് റോഹിങ്ക്യകളെ തിരികെ നാട്ടിലെത്തിക്കാനാണ് ആദ്യ ഘട്ടത്തില്‍ ധാരണയായിരിക്കുന്നത്. ഇക്കാര്യത്തില്‍ ബംഗ്ലാദേശുമായി ധാരണയിലെത്തിയതായി മ്യാന്‍മര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.
രണ്ട് മാസത്തിന് ശേഷമായിരിക്കും അഭയാര്‍ഥികളുടെ തിരിച്ചുപോക്ക് ആരംഭിക്കുക. ദിവസം 300 പേരെ വീതം മ്യാന്‍മറില്‍ എത്തിക്കുന്ന രീതിയിലാണ് ധാരണയായിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. തിരിച്ചുവരുന്ന അഭയാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിലും തുടര്‍ ചര്‍ച്ചകളിലും ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് വംശീയ ഉന്‍മൂലനമാണെന്നും ഇക്കാര്യത്തില്‍ ആങ് സാങ് സൂചി ഭരണകൂടത്തിന്റെ കുറ്റകരമായ മൌനമാണെന്നും മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും കുറ്റപ്പെടുത്തിയിരുന്നു.