ആണവശക്തി രാജ്യമാവുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് ഉത്തര കൊറിയ
|അമേരിക്കന്‍ ഭൂഖണ്ഡം വരെയെത്താന്‍ ശേഷിയുള്ള മിസൈല്‍ ആണ് പരീക്ഷിച്ചതെന്നും ഉത്തര കൊറിയ
ആണവശക്തി രാജ്യമാകാനുള്ള ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉത്തര കൊറിയ. കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയമായിരുന്നുവെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു. അമേരിക്കന്‍ ഭൂഖണ്ഡം വരെയെത്താന്‍ ശേഷിയുള്ള മിസൈല്‍ ആണ് പരീക്ഷിച്ചതെന്നും ഉത്തര കൊറിയ അറിയിച്ചു.
ഇന്നലെയാണ് ഏറ്റവും ശക്തിയേറിയതെന്ന് അവകാശപ്പെടുന്ന ഹ്വാസോങ് 15 ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ജപ്പാന്‍ സമുദ്രത്തില്‍ പതിച്ച മിസൈല്‍ മുന്‍പ് പരീക്ഷിച്ചതിനേക്കാള്‍ ദൂരം സഞ്ചരിച്ചെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. 13,000 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈല്‍ അമേരിക്കയുടെ ഏത് ഭാഗത്തേക്കും എത്താന്‍ ശേഷിയുള്ളതാണ് അമേരിക്ക ആസ്ഥാനമായ യൂണിയന്‍ ഓഫ് കണ്‍സേര്‍ണ്‍ഡ് സയന്റിസ്റ്റും സ്ഥിരീകരിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം. പ്രത്യേക സംപ്രേഷണം നടത്തിയ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയമായിരുന്നുവെന്ന് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെസിഎന്‍എയും വാര്‍ത്ത പുറത്തുവിട്ടു. ഉത്തര കൊറിയയെ ആണവ ശക്തി രാജ്യമാക്കുന്നതില്‍ പുതിയ പരീക്ഷണം സഹായിച്ചെന്ന് ഭരണാധികാരി കിങ് ജോങ് ഉന്‍ പ്രഖ്യാപിച്ചതായും കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സമാധാനവും സ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തോടെ ആണവശക്തി രാജ്യമായി മാറിയെന്ന പ്രഖ്യാപനം അംഗീകരിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
മൂന്ന് വര്‍ഷം കൊണ്ട് മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കൂയെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തത്സമയ ഫയര്‍ ഡ്രില്ലുകള്‍ നടത്തിയും ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചും ദക്ഷിണ കൊറിയ പ്രതിരോധം തീര്‍ക്കുന്നതിന്റെ സൂചന നല്‍കി. മിസൈല്‍ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ അടിയന്തര യോഗം ചേരും.