കലാപങ്ങളിൽ ഇരകളായ കുട്ടികള്‍ക്ക് പണം സമാഹരിക്കാനൊരുങ്ങി യൂനിസെഫ്
|48 മില്യണ്‍ കുട്ടികൾക്കായി 3.6 ബില്യൻ ഡോളറാണ് യൂനിസെഫ് സമാഹരിക്കാനൊരുങ്ങുന്നത്.
സംഘർഷങ്ങളുടെയും കലാപങ്ങളുടെയും ഇരയായ കുട്ടികളെ സഹായിക്കാനായി പണം സമാഹരിക്കാനൊരുങ്ങി യൂനിസെഫ്. 48 മില്യണ്‍ കുട്ടികൾക്കായി 3.6 ബില്യൻ ഡോളറാണ് യൂനിസെഫ് സമാഹരിക്കാനൊരുങ്ങുന്നത്. സിറിയയിലെ സംഘര്‍ഷങ്ങളാണ് കുട്ടികളെ ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. 1.3 ബില്യൻ ഡോളറാണ് സിറിയയിലെ സംഘര്‍ഷങ്ങളുടെ ഇരകളായ കുട്ടികൾക്കായി ചെലവഴിക്കുക. സംഘർഷ കാലത്ത് തീരെ ശ്രദ്ധ ലഭിക്കാത്തത് കുട്ടികൾക്കാണെന്നതാണ് ഏറ്റവും പരിഭ്രാന്തിയുണ്ടാക്കുന്ന കാര്യമെന്ന് യൂനിസെഫിന്റെ എമർജന്‍സി പ്രോഗ്രാം ഡയറക്ടർ മാനുവൽ ഫൊന്‍ടെയിൻ വ്യക്തമാക്കി.
സംഘര്‍ഷങ്ങളുടെ പരിണിതഫലമായി സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് 25 മില്യൻ കുട്ടികൾക്കാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഫൊന്‍ടെയിൻ കൂട്ടിച്ചേർത്തു. കുട്ടികളുടെ സ്ഥിതി ഏറ്റവും മോശമായി തുടരുന്ന രാജ്യങ്ങളിൽ ഒന്ന് ദക്ഷിണ സുഡാനാണ്. 2011ൽ ഉത്തര സുഡാനിൽ നിന്ന് വേർപ്പെട്ട ശേഷം നാലു വർഷം ദക്ഷിണ സുഡാനിൽ യുദ്ധം തുടർന്നു. ഇവിടേക്കാവശ്യമായ 183 മില്യൻ ഡോളറിൽ 60 മില്യൻ ഡോളർ മാത്രമേ സമാഹരിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇവിടെ പോഷകാഹാരക്കുറവ് വരും വർഷങ്ങളിൽ രൂക്ഷമാവാൻ സാധ്യതയുണ്ടെന്നും യൂനിസെഫ് പ്രതിനിധി ചൂണ്ടിക്കാട്ടുന്നു.