സ്വയം മരണം തിരഞ്ഞെടുത്ത് 130ലേറെ തിമിംഗലങ്ങള്‍, സ്രാവിന്റെ ആക്രമണഭീതിയില്‍ ജനം
|മുങ്ങിക്കപ്പലുകള്‍ പോലുള്ള മനുഷ്യ നിര്‍മ്മിത യന്ത്രങ്ങളുടെ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും ഇത്തരമൊരു കടുംകൈക്ക് തിമിംഗലങ്ങളെ പ്രേരിപ്പിക്കാമെന്നും...
പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ ഹമേലിന് തീരദേശത്താണ് 135ഓളം ഷോര്‍ട്ട്ഫിന്‍ തിമിംഗലങ്ങള്‍ മരണാസന്നരായി അടിഞ്ഞിരിക്കുന്നത്. ജീവനുള്ള തിമിംഗലങ്ങളെ തിരികെ കടലിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രദേശവാസികളും അധികൃതരും ചേര്‍ന്ന് നടത്തുന്നുണ്ട്. ഇതിനിടെയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ അടിഞ്ഞത് സ്രാവുകളെ ആകര്‍ഷിക്കുമെന്ന ഭീതിയും ഉയരുന്നത്.
പ്രദേശവാസികളായ മത്സ്യബന്ധന തൊഴിലാളികളാണ് തീരത്തടിഞ്ഞ തിമിംഗലങ്ങളെ ആദ്യം കാണുന്നത്. തീരത്തും കടലിലുമായി 150 ഓളം തിമിംഗലങ്ങളുള്ളതിനാല് സ്രാവ് ആക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ചത്ത തിമിംഗലങ്ങളും സ്രാവുകളുടെ ഭക്ഷണമായി മാറാനുള്ള സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ തീരത്തേക്ക് നീന്തിക്കയറിയ തിമിംഗലങ്ങളില്‍ ഭൂരിഭാഗവും രക്ഷപ്പെടാന്‍ സാധ്യതയില്ല. ഒരിക്കല്‍ സമുദ്രത്തിലേക്ക് തിരിച്ചുവിട്ടാലും കൂട്ടമായി ജീവിക്കുന്ന ഷോര്‍ട്ട്ഫിന്‍ തിമിംഗലങ്ങള്‍ തീരത്തേക്ക് തന്നെ വരുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നുണ്ട്. ഇത്തരത്തില്‍ മൂന്നുതവണ മരണത്തിലേക്ക് തിരിച്ചുവന്ന തിമിംഗലങ്ങള്‍ വരെയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.
എന്താണ് തിമിംഗലങ്ങളെ ഇത്തരത്തില്‍ കരയിലെത്തി ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന കാരണം ഇപ്പോഴും വ്യക്തമല്ല. നിരവധി സാധ്യതകളാണ് ഇത്തരം വിചിത്രമായ പ്രതിഭാസത്തിന് പിന്നിലുള്ളത്. കൂട്ടായി സഞ്ചരിക്കുന്ന തിമിംഗലങ്ങള്‍ നേതാവിന് വഴി തെറ്റുന്നതോടെ കൂട്ടത്തോടെ അപകടത്തില്‍ പെടാനുള്ള സാധ്യതയാണ് ഒന്ന്. കൂട്ടത്തിലുള്ള ഏതെങ്കിലും തിമിംഗലം അപകടത്തില്‍ പെട്ടാല്‍ രക്ഷിക്കാന്‍ വന്ന് ബാക്കിയുള്ളവയും തിരിച്ചുപോകാനാകാത്തവിധം കുടുങ്ങാനുള്ള സാധ്യതയുമുണ്ട്. കടല്‍ തീരങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാരണമായേക്കാം. ഇതിനെല്ലാം ഉപരിയായി മുങ്ങിക്കപ്പലുകള്‍ പോലുള്ള മനുഷ്യ നിര്‍മ്മിത യന്ത്രങ്ങളുടെ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും ഇത്തരമൊരു കടുംകൈക്ക് തിമിംഗലങ്ങളെ പ്രേരിപ്പിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.