21 മണിക്കൂര്‍ നോമ്പെടുക്കുന്ന ഫിന്‍ലന്റിലെ മുസ്ലിംകള്
|രാത്രിയായാലും പകല്‍ വെളിച്ചം മാറില്ല. മുറികളില്‍ കൃത്രിമമായി ഇരുട്ടൊരുക്കിയാണ് ഫിന്‍ലന്റുകാര്‍ ഉറങ്ങുന്നത്. ജീവിതത്തിലുടനീളം....
ദൈര്‍ഘ്യമേറിയ പകല്‍ കാരണം അസാധാരണമായ രീതിയില്‍ റമദാന് വ്രതമെടുക്കുന്നവര്‍ ലോകത്തുണ്ട്. ആ കൂട്ടത്തില്‍പെട്ടവരാണ് യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്റിലെ മുസ്ലിംകള്. 21 മണിക്കൂറാണ് ഇവിടെ നോമ്പിന്റെ ദൈര്‍ഘ്യം. ഒട്ടും സൂര്യാസ്തമയമില്ലാത്ത സ്ഥലങ്ങളും ഫിന്‍ലന്റിലുണ്ട്.
ഇത് ഫിന്‍ലാന്റിലെ എസ്പൂ നഗരം. ഇവിടെ രാത്രിയുടെ ദൈര്‍ഘ്യം വെറും മൂന്ന് മണിക്കൂറാണ്. അതുകൊണ്ട് തന്നെ ഫിന്‍ലന്റിലെ നോമ്പിനും അസാധാരണമായ ദൈര്‍ഘ്യമാണ്. 21 മണിക്കൂറാണ് ഇവിടെ പകല്‍. രാത്രിയായാലും പകല്‍ വെളിച്ചം മാറില്ല. മുറികളില്‍ കൃത്രിമമായി ഇരുട്ടൊരുക്കിയാണ് ഫിന്‍ലന്റുകാര്‍ ഉറങ്ങുന്നത്. ജീവിതത്തിലുടനീളം പകല്‍ വെളിച്ചം ഇവരെ പിന്തുടരും. അതുതന്നെയാണ് ഇവിടത്തെ റമദാന്റെ സവിശേഷതയും.
അഞ്ഞൂറോളം മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ഫിന്‍ലന്റില്‍ ജോലിചെയ്യുന്നുണ്ട്. സ്വദേശികള്‍ക്കൊപ്പം വിദേശികളും മസ്ജിദുകളിലെ ഇഫ്താറുകളില്‍ സജീവമാണ്. എന്നാല്‍ ഇഫ്താര്‍ കഴിഞ്ഞ് പള്ളികളില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ഫിന്‍ലന്റുകാര്‍ അടുത്ത നോമ്പിലേക്ക് പ്രവേശിക്കും. രാത്രി നമസ്കാരം വരെ ഇവിടെ പകല്‍ വെളിച്ചത്തിലാണ്.
വടക്കന്‍ ഫിന്‍ലന്‍ഡിലെ ഉട്സ്ജോക് പോലെ ഒട്ടും സൂര്യാസ്തമയം ഇല്ലാത്ത സ്ഥലങ്ങളും ഫിന്‍ലന്റിലുണ്ട്. ഇവിടെ തുര്‍ക്കി സമയത്തെ ആസ്പദമാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ നോമ്പെടുക്കുന്നത്.