അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഭവനങ്ങള്‍ പണിയുമെന്ന് ഇസ്രയേല്‍
|സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷമാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം ഇസ്രയേല്‍ നടത്തിയത്
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഭവനങ്ങള്‍ പണിയുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ മേഖലയില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നത്.
സുരക്ഷാ കാബിനറ്റ് യോഗത്തിന് ശേഷമാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുമെന്ന പ്രഖ്യാപനം ഇസ്രയേല്‍ നടത്തിയത്. നാബ്ലസിനടുത്തുള്ള എമെക് ഷിലോ മേഖലയില്‍ ഭവനങ്ങള്‍ പണിയാനാണ് ഇസ്രയേല്‍ ആലോചന. അതേസമയം, ഭവനങ്ങള്‍ നിര്‍മിക്കാന്‍ യുഎസ് ഗവണ്മെന്റെ അനുമതി തേടിയുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
എന്നാല്‍, ഈ തീരുമാനത്തെ ഫലസ്ത്രീന്‍ അപലപിച്ചു. സമാനാന്തരീക്ഷത്തെ തകര്‍ക്കാനാണ് ഇസ്രയേല്‍ പുതിയ കുടിയേറ്റ ഭവനങ്ങള്‍ പണിയുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫലസ്തീന് ഔദ്യോഗിക വൃത്തം അറിയിച്ചു. അമോണയിലെ കുടിയേറ്റ ഭവനങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ട ജൂത കുടുംബങ്ങള്‍ക്കായാണ് പുതിയ ഭവനങ്ങള്‍ ഉപയോഗിക്കുന്നത്. ഇസ്രയേല്‍ സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു അമോണയിലെ ഭവനങ്ങള്‍ ഒഴിപ്പിച്ചത്. ജൂതകുടുംബങ്ങള്‍ക്ക് പുതിയ ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കുമെന്ന നെതന്യാഹുവിന്റെ അന്നത്തെ വാഗ്ദാനമാണ് ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അധിനിവേശ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും 1967ന് ശേഷം 140 അനധികൃത കുടിയേറ്റഭവനങ്ങളാണ് ഇസ്രയേല്‍ പണിതത്. ഏകദേശം ആറ് ലക്ഷത്തോളം ജൂതന്മാരാണ് ഈ സെന്റില്‍മെന്റുകളില്‍ കഴിയുന്നത്. ഈ കുടിയേറ്റ ഭവനങ്ങളെല്ലാം അനധികൃതവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ്.