ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ രാജിവെച്ചേക്കും
|ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണെന്ന് വാര്‍ത്തകള്‍.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കും കാരണം ജേക്കബ് സുമയുടെ ഭരണമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം നടന്ന രണ്ടുദിവസത്തെ യോഗത്തില്‍ ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ജേക്കബ് സുമയുടെ രാജിക്കാര്യത്തില്‍ ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുലഭിക്കാൻ പ്രസിഡൻറിൻെറ രാജി അനിവാര്യമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പാർട്ടി തലപ്പത്തുനിന്ന് ജേക്കബ് സുമയെ മാറ്റിയിരുന്നു. അന്നുമുതല്‍ തന്നെ പ്രസിഡന്റ് സ്ഥാനവും രാജിവെക്കാന്‍ സുമക്ക് മേൽ സമ്മർദം ശക്തമായിരുന്നു. ജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാൻ പാര്‍ട്ടി നേതൃയോഗത്തില്‍ ഇടപെടലുണ്ടാകുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടിയുടെ വിശ്വാസ്യതയും ജനകീയതയും വീണ്ടെടുക്കാന്‍ സുമയുടെ രാജി അനിവാര്യമാണെന്ന് ഭൂരിഭാഗം പേരും യോഗത്തില്‍ നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സുമയുടെ രാജി ഏത് നിമിഷവും ഉണ്ടായേക്കാമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.