ഹൂത്തികളുടെ മിസൈൽ ആക്രമണം ആസൂത്രിത നീക്കമെന്ന് അമേരിക്ക
|മൂന്നു വർഷമായി തുടരുന്ന യെമൻ യുദ്ധം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം ഉറപ്പാക്കാനുള്ള യു.എൻ നീക്കം അട്ടിമറിക്കുകയാണ് ഇറാന്‍റെയും ഹൂത്തികളുടെയും ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.
സൗദിക്കു നേരെയുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം യെമൻ പ്രശ്നപരിഹാര നീക്കങ്ങൾ അട്ടിമറിക്കാനുള്ള ഇറാന്‍റെയും ഹൂത്തികളുടെയും ആസൂത്രിത നീക്കമാണെന്ന് അമേരിക്ക. യു.എൻ മേൽനോട്ടത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിക്കാനുള്ള നീക്കത്തെ ഗൗരവത്തിൽ കാണണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. സൗദിക്കു നേരെ ശനിയാഴ്ച വീണ്ടും ഹൂത്തികൾ മിസൈൽ തൊടുത്തുവിട്ട സാഹചര്യത്തിലാണ് യു.എസ് പ്രതികരണം.
മൂന്നു വർഷമായി തുടരുന്ന യെമൻ യുദ്ധം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം ഉറപ്പാക്കാനുള്ള യു.എൻ നീക്കം അട്ടിമറിക്കുകയാണ് ഇറാന്‍റെയും ഹൂത്തികളുടെയും ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. ഹൂത്തികൾക്ക് മിസൈലുകളും ആയുധങ്ങളും എത്തിച്ചു കൊടുക്കുന്ന ഇറാൻ യെമനിൽ സമാധാനം കൊണ്ടുവരുന്നതിന് വലിയ ഭീഷണി ഉയർത്തുന്നതായും അമേരിക്ക ആരോപിച്ചു. തുടർച്ചയായ മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ സൗദി വിജയിച്ചു.
എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ മിസൈലുകൾ അയച്ച് യെമൻ യുദ്ധത്തിന് കൂടുതൽ വ്യാപ്തി നൽകാനുള്ള നീക്കമാണ് ഇറാനും ഹൂത്തികളും സ്വീകരിക്കുന്നതെന്നാണ് അമേരിക്കയുടെ ആരോപണം. തെഹ്റാൻ തന്നെയാണ് ഹൂത്തികൾക്ക് ആയുധങ്ങൾ കൈമാറുന്നതെന്ന് അമേരിക്കക്ക് പുറമെ യു.എന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചു. ഹൂത്തികൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളിലെ ഒരു കൂട്ടർക്കും ആയുധങ്ങൾ കൈമാറിയില്ലെന്നാണ് ഇറാന്റെ വിശദീകരണം.
അതേ സമയം പ്രശ്നത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാൻ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ യു.എന്നിനു മേൽ സമ്മർദം തുടരുകയാണ്. യെമനിലെത്തിയ യു.എൻ പ്രത്യേക പ്രതിനിധി ഹൂത്തികളുമായി ചർച്ച നടത്തി. വരും ദിവസങ്ങളിൽ യെമൻ പ്രശ്നത്തിൽ കുറേക്കൂടി കടുത്ത നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐക്യരാഷ്ട്ര സംഘടന.