സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് അര്‍ദ്ധരാത്രി പ്രാബല്യത്തില്‍
|ഏറെ കാലത്തിന് ശേഷമാണ് അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ എത്തിയത്. വെടിനിര്‍ത്തലിനെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
സിറിയയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. ഏറെ കാലത്തിന് ശേഷമാണ് അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ എത്തിയത്. വെടിനിര്‍ത്തലിനെ പിന്തുണക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സിറിയയില്‍ ഏതാണ്ട് 25 ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് പ്രശ്നപരിഹാരത്തിനായി റഷ്യയും യുഎസും ഇടപെട്ടെങ്കിലും പ്രശ്നം രൂക്ഷമായി കൊണ്ടിരുന്നു.നിരവധി പേര് അഭയാര്‍ഥികളാവുകയും ചെയ്ത സിറിയയിലെ പ്രശ്നപരിഹാരത്തിന് അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നീക്കം ശക്തമാക്കിയിരുന്നെങ്കിലും പലപ്പോഴും അതുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ഇരു രാഷ്ട്രങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് രംഗത്ത് വന്നത്.
ഏറെക്കാലത്തെ ചര്‍ച്ചയ്ക്ക് ഫലം കണ്ട ഇരുരാഷ്ട്രങ്ങളുടെയും നീക്കത്തെ യുഎന്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ റഷ്യ ആക്രമണങ്ങളുടെ തീവ്രത കുറച്ചിരുന്നു. അതേസമയം കരാര്‍ വരുന്നതിന് മുന്നോടിയായി പലഭാഗത്തും നടക്കുന്ന ആക്രമണങ്ങള്‍ കരാറിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്നതാണെന്ന വിലയിരുത്തലുകളാണുള്ളത്. വെടിനിര്‍ത്തലിനെ താല്‍ക്കാലികമായി അംഗീകരിക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്.