ട്രംപിന്റെ പണപ്പിരിവിന് നിരോധം; നടപടി നികുതിവെട്ടിപ്പ് റിപ്പോര്‍ട്ടിന് പിന്നാലെ
|റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാപനമായ ട്രംപ് ഫൌണ്ടേഷന് വേണ്ടി പണം പിരിക്കുന്നത് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ നിരോധിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാപനമായ ട്രംപ് ഫൌണ്ടേഷന് വേണ്ടി പണം പിരിക്കുന്നത് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ നിരോധിച്ചു. രണ്ട് പതിറ്റാണ്ടായി ട്രംപ് നികുതിയടക്കാതെ കബളിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പുതിയ നടപടി. എന്നാല്‍ രാജ്യത്തെ ടാക്സ് കോഡ് സിസ്റ്റം ശരിയല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
സെപ്റ്റംബര്‍ 30 നാണ് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ എറിക് ഷ്നൈഡര്‍മാന്റെ ഓഫീസ് ട്രംപ് ഫൌണ്ടേഷനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ട്രംപ് ഫൌണ്ടേഷന് വേണ്ടിയുളള എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തിവെക്കണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. ഫൌണ്ടേഷന്റെ രജിസ്ട്രേഷന് നടപടികള്‍ ശരിയായ രീതിയിലല്ല പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധം. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ട്രംപ് നികുതി ഒഴിവാക്കാൻ നഷ്ടക്കണക്കുകൾ കൃത്രിമമായി സമർപ്പിച്ചെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ട്രംപ് ഫൌണ്ടേഷനെതിരായ ഉത്തരവ്. എന്നാല്‍ ടാക്സ് കോഡ് സിസ്റ്റം ശരിയല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിനെതിരെ ഹിലരി ക്ലിന്റണും രംഗത്തെത്തി.