International Old
സിന്ധ് പ്രവിശ്യയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിച്ച് നിയമമായിസിന്ധ് പ്രവിശ്യയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിച്ച് നിയമമായി
International Old

സിന്ധ് പ്രവിശ്യയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിച്ച് നിയമമായി

Ubaid
|
1 Jun 2018 4:59 AM GMT

സിന്ധ് പ്രവിശ്യയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തെ കുറിച്ച പരാതി വ്യാപകമായ സാഹചര്യത്തില്‍ കൂടിയാണ് നിയമം

പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിച്ച് നിയമമായി. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് പരാതി ലഭിച്ച് കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവാണ് ശിക്ഷ. സിന്ധിലെ ന്യൂന പക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനാ‌യാണ് പുതിയ നിയമം. പാകിസ്താനിലെ ഒരു പ്രവിശ്യ ആദ്യമായാണ് നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിക്കുന്നത്. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുള്ള സിന്ധ് ക്രിമിനല്‍ നിയമമെന്നാണ് ഇതറിയപ്പെടുക.

സിന്ധ് പ്രവിശ്യയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തെ കുറിച്ച പരാതി വ്യാപകമായ സാഹചര്യത്തില്‍ കൂടിയാണ് നിയമം. പുതിയ നിയമം പ്രാബല്യത്തിലായതോടെ 21 ദിവസത്തെ സമയം പ്രദേശവാസികള്‍ക്ക് നല്‍കി. ഇതിനകം തങ്ങളുടെ മതം ഏതാണെന്ന് നിശ്ചയിച്ച് പ്രാദേശിക ഭരണ കൂടത്തെ അറിയിക്കാം.

പാകിസ്താന്‍ മുസ്ലിം ലീഗ് അംഗവും സിന്ധ് നിയമസഭാംഗവുമായ നന്ദ കുമാര്‍ ഗോക്‍‌ലാനിയാണ് ഇതിനായുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ ഭൂരിപക്ഷത്തോടെ സഭ പാസാക്കുകയായിരുന്നു. നിര്‍ബന്ധിച്ച് മത പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുക, മറ്റു മതാചാരങ്ങള്‍ പിന്തുടരാന്‍ നിര്‍ബന്ധിക്കുക, എന്നിവയാണ് നിയമ പരിധിയില്‍ പെടുക.

പാക് ജനതയിലെ രണ്ട് ശതമാനം വരുന്ന ഹിന്ദുക്കളിലെ 90 ശതമാനവും താമസിക്കുന്നത് സിന്ധ് പ്രവിശ്യയിലാണ്. ഇവരുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചു കൂടിയാണ് പുതിയ നിയമം.

Similar Posts