ഫോണ്‍ ചോര്‍ത്തല്‍; ട്രംപിന്റെ ആരോപണം തള്ളി എഫ്ബിഐ
|മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന ആരോപണം തള്ളി എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെ
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന ആരോപണം തള്ളി എഫ്ബിഐ തലവന്‍. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെയാണ് ട്രംപിന്റെ ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്.
വെള്ളിയാഴ്ചയാണ് തിരഞ്ഞെടുപ്പുകാലത്തു തന്റെ ഫോണുകള്‍ ചോര്‍ത്താന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവു നല്കിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ ആരോപിച്ചത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും പുറത്ത് വിടാതെയായിരുന്നു ട്രംപിന്റെ ഗുരുതര ആരോപണം . ട്രംപിന്റെ ആരോപണം തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്ന് എഫ്ബിഐ ഡയറക്ടര്‍ അമേരിക്കന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇത്തരം ആരോപണങ്ങള്‍ എഫ്ബിഐ നിയമലംഘനം നടത്തിയെന്ന സൂചന നല്‍കിയേക്കാമെന്നും കോമെ ചൂണ്ടിക്കാട്ടി.
അതേസമയം പ്രസിഡന്റ് ട്രംപിന്റെ ആരോപണത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിലെ പെര്‍മനെന്റ് സെലക്ട് കമ്മിറ്റി ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് സമിതി അധ്യക്ഷന്‍ ഡെവിന്‍ ന്യൂന്‍സ് വ്യക്തമാക്കി. വൈറ്റ് ഹൗസിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണിത്. കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇതേക്കുറിച്ച് പ്രതികരിക്കുകയുള്ളൂവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.