ഈജിപ്തിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി സമി അനന് സൈനിക തടവില്‍
|വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസിക്കെതിരെ മത്സരിക്കുമെന്ന് സമി അനന് പ്രഖ്യാപിച്ചിരുന്നു.
ഈജിപ്തിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി സമി അനന് സൈനിക തടവില്‍ തുടരുകയാണെന്ന് അഭിഭാഷകന്. കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത അനനെ ജയിലില്‍ സന്ദര്‍ശിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി.
വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍ സീസിക്കെതിരെ മത്സരിക്കുമെന്ന് സമി അനന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തെ സൈന്യം തടവിലാക്കിയിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സമി അനനെ സൈന്യം തടവില്‍ വെച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഇലക്ഷന് കാമ്പയിന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് അബെദ് റബ്ബോ കുറ്റപ്പെടുത്തി. സത്യസന്ധമായി തെരഞ്ഞെടുപ്പ് നടത്തുന്നത് സീസി തടസ്സപ്പെടുത്തുകയാണെന്നും അഹമ്മദ് അബെദ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജനുവരി 23നാണ് സമി അനനെ സൈന്യം അറസ്റ്റ് ചെയ്തത്.
അറുപത്തി ഒന്പതുകാരനായ അനന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സൈന്യത്തിന്റെ അംഗീകാരം നേടിയില്ലെന്നാണ് സൈന്യം ആരോപിക്കുന്നത്. ഒപ്പം സൈന്യത്തേയും ഈജിപ്ത് ജനതയേയും ഭിന്നിപ്പിക്കാന്‍ സമി അനന് ശ്രമിക്കുന്നതായും സൈന്യം ആരോപിക്കുന്നു. അനന്റെ കാമ്പയിന് സംഘത്തില്‍ അംഗമായ ഹിഷാം ഗെനേന എന്നയാള്‍ക്ക് കഴിഞ്ഞ ദിവസം ക്രൂരമായ മര്‍ദനമേറ്റിരുന്നു.