രാസായുധം ഉപയോഗിച്ചെന്ന വാദം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍
|ഗൂതയില്‍ വീണ്ടും സര്‍ക്കാര്‍ സേനയുടെ ആക്രമണം
രാസായുധം ഉപയോഗിച്ചെന്ന വാദം നിഷേധിച്ച് സിറിയന്‍ സര്‍ക്കാര്‍ രംഗത്ത്. രാസായുധം തങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും തീവ്രവാദ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ അറിയിച്ചു. യുഎന്നിലെ സിറിയന്‍ സ്ഥാനപതി ഹുസാം എദിന്‍ ആലയാണ് സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. രാജ്യത്തുണ്ടായ രാസായുധാക്രമണത്തെ അപലപിക്കുന്നതായി പറഞ്ഞ ഹുസാം ഒരിക്കലും സര്‍ക്കാര്‍ ഇത്തരത്തിലൊരു ആക്രമണത്തിന് ശ്രമിക്കുന്നില്ലെന്നും വ്യക്തമാക്കി. ചില രാജ്യങ്ങള്‍ മനഃപൂര്‍വം സര്‍ക്കാരിനെതിരെ അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണ്. അല്‍ നുസ്റ, ദായിഷ് ഗ്രൂപ്പുകളുടെ കൈവശം രാസായുധം ഉണ്ടെന്ന് അറിയുന്നു. ഇത്തരം തീവ്രവാദ ഗ്രൂപ്പുകളാകാം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂതയില്‍ ഉണ്ടായ ആക്രമണത്തില്‍ ഹേഗ് ആസ്ഥാനമായ രാസായുധ വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചു. നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഘൌത്തയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.
2013 ല്‍ രാസായുധാക്രമണം നടത്തിയതിന്റെ പേരില്‍ സിറിയന്‍ സര്‍ക്കാരിനെതിരെ യുഎന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്ന് സമ്മര്‍ദങ്ങളുടെ ഫലമായി രാസായുധം നിര്‍വീര്യമാക്കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കിലും ഇത് പൂര്‍ണമായും നടന്നിട്ടില്ലെന്നാണ് വിവരം.
അതിനിടെ കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സര്‍ക്കാരും റഷ്യയും വീണ്ടും ആക്രമണം ശക്തമാക്കി. വിമത കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് ഇരുവിഭാഗവും നടത്തുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് സിറിയന്‍ സര്‍ക്കാരിനും റഷ്യക്കുമെതിരെ അമേരിക്ക രംഗത്തെത്തി.
അഞ്ച് മണിക്കൂര്‍ നീണ്ട താല്‍ക്കാലിക യുദ്ധവിരാമത്തിന് ശേഷമാണ് ഗൂതയില്‍ വീണ്ടും ആക്രമണം തുടങ്ങിയത്. വിമതര്‍ക്കെതിരെയും സാധാരണക്കാരെയും ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ ശക്തമായ ആക്രമണമാണ് നടത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദൌമ, മിസ്റബ, ഹറാസ്ത എന്നീ മൂന്ന് പട്ടണങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആക്രമണം. അഞ്ച് മണിക്കൂര്‍ ഇടവേള നല്‍കിയത് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും അടിയന്തര ചികിത്സ നല്‍കാനും എന്ന പേരിലായിരുന്നു. എന്നാല്‍ ഇതൊന്നും നടക്കുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വേളയിലും ബോംബാക്രമണം നടന്നെന്നാണ് വിവരം. ഇത്തരത്തിലുള്ള വെടിനിര്‍ത്തല്‍ കൊണ്ട് പ്രയോജനമില്ലെന്നും ഇതിന് തയ്യാറാകുന്ന സര്‍ക്കാര്‍ തന്നെയാണ് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നതെന്നും ഇവര്‍ പറയുന്നു. വിശ്വസ്തമായ ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും അടിയന്തര സഹായം നല്‍കുന്നതിനും വിമതരാണ് തടസ്സം നില്‍ക്കുന്നതെന്നാണ് റഷ്യ പറയുന്നത്. വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് വിമതരാണെന്നും റഷ്യ കുറ്റപ്പെടുത്തുന്നു. അതേസമയം, സിറിയന്‍ സര്‍ക്കാരും റഷ്യയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. അറുനൂറോളം പേര് കൊല്ലപ്പെട്ടതും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റതും ഈ രണ്ട് കക്ഷികളുടെ നീചശ്രമങ്ങളുടെ ഫലമായാണെന്നും യുഎസ് കുറ്റപ്പെടുത്തി.