നൈജീരിയക്കുമേലുള്ള എല്ലാ വാണിജ്യ നിയന്ത്രണങ്ങളും എടുത്തുകളയുമെന്ന് ട്രംപ്
|പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി എല്ലാ വര്‍ഷവും ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്നും ട്രംപ് പറഞ്ഞു
നൈജീരിയക്കുമേലുള്ള എല്ലാ വാണിജ്യ നിയന്ത്രണങ്ങളും എടുത്തുകളയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായി എല്ലാ വര്‍ഷവും ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്നും ട്രംപ് പറഞ്ഞു.
വൈറ്റ് ഹൌസിലെത്തിയ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. നൈജീരിയയും പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളും നേരിടുന്ന തീവ്രവാദ പ്രതിസന്ധിയും ദേശീയസുരക്ഷയുമെല്ലാം ചര്‍ച്ചയായി. തീവ്രവാദത്തിനെതിരെ പോരാടാന്‍ അമേരിക്കയുടെ പിന്തുണ വാഗ്ദാനം ചെയ്ത ട്രംപ് നൈജീരിയയുമായി നല്ല വ്യാപാരബന്ധത്തിന് അമേരിക്ക മുതിരുന്നുവെന്നും വ്യക്തമാക്കി. മാത്രമല്ല പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിലെത്തിയ ശേഷം വൈറ്റ് ഹൌസിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യത്ത് നിന്നുള്ള പ്രസിഡന്റാണ് ബുഹാരി.അമേരിക്കയുടെ പിന്തുണക്ക് ബുഹാരി നന്ദി പറഞ്ഞു.