എഫ്ബിഐക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്ന് ട്രംപ്
|തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണത്തെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് പ്രസ്താവന കുറിപ്പ് ഇറക്കി
അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണത്തെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് പ്രസ്താവന കുറിപ്പ് ഇറക്കി.
യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുമായി തുറന്ന പോരിനിറങ്ങിയിരിക്കുകയാണ് അ മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണത്തിനെതിരെ കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് നാല് പേജുള്ള കുറിപ്പ് ഇറക്കിയത്. എഫ്ബിഐ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ഹൌസ് ഇന്റലിജന്‍സ് ചെയര്മാന് ഡെവിന് ന്യൂനെസ് നാല് പേജ് രേഖയില്‍ പറയുന്നു. എന്നാല്‍ പരാതിക്കുറിപ്പ് ഇറക്കിയാല്‍ രാജിവെക്കുമെന്ന് നിലവിലെ എഫ്ബിഐ ഡറക്ടര്‍ സൂചന നല്‍കിയിട്ടുണ്ട്. ട്രംപിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് എഫ്ബിഐ ഉപമേധാവി ജോലി മതിയാക്കി അവധിയില്‍ പ്രവേശിച്ചിരുന്നു. അതേസമയം
യുഎസ് ജസ്റ്റിസ് വിഭാഗത്തിലും എഫ്ബിഐയിലും നിറയെ ഡെമോക്രാറ്റിക് ചായ്വുള്ളവരാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ അന്വേഷണങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നും ട്രംപ് പ്രതികരിച്ചു. ട്രംപ് അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ മേയില്‍ ജയിംസ് കോമിയെ മാറ്റി നിയമിച്ചതാണ് നിലവിലെ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേ. ട്രംപിന്റെ പുതിയ ആരോപണം എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേയുടെ രാജിയില്‍ കലാശിക്കുമെന്നാണ് സൂചന.