സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ട്രംപ്
|ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ ഇടപെടലുകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു
സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ ഇടപെടലുകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
അമേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഐഎസ് ഭീകരവാദികളെ തകര്‍ക്കുകയായിരുന്നു എന്ന് വ്യക്തമാക്കിയ ട്രംപ് ആ ലക്ഷ്യം ഏതാണ്ട് പൂര്‍ത്തിയായി എന്നും പറഞ്ഞു. തുടര്‍ന്നുള്ള കാര്യങ്ങളില്‍ മറ്റുള്ളവരുടെ സഹകരണത്തോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് നയം വ്യക്തമാക്കിയത്. സിറിയയില്‍ നിന്നും സൈന്യത്തെ ഉടന്‍തന്നെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഐഎസിനെതിരെ പോരാടാന്‍ രൂപം നല്‍കിയ ആഗോള സഖ്യത്തിലെ അമേരിക്കന്‍ പ്രതിനിധിയായ ബ്രറ്റ് മാക്ക്ഗുര്‍ക്ക് വിഷയത്തില്‍ വത്യസ്തമായ അഭിപ്രായമാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. മുഖ്യ പോരാട്ടം ഐഎസിനെതിരെയായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ലക്ഷ്യം പൂര്‍ത്തിയായിട്ടിലെന്നും ലക്ഷ്യം തങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ പശ്ചിമേഷ്യയില്‍ 7 ട്രില്യണ്‍ ഡോളല്‍ ചെലവഴിച്ചതായും ട്രംപ് വ്യക്തമാക്കി. 2001 സെപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് അമേരിക്ക ആഗേളതലത്തില്‍ ഭീകരപോരാട്ടം നടത്തുകയാണെന്ന പേരില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയത്.