International Old
മൌസിലില്‍ നിര്‍ണായക മുന്നേറ്റവുമായി സൈന്യംമൌസിലില്‍ നിര്‍ണായക മുന്നേറ്റവുമായി സൈന്യം
International Old

മൌസിലില്‍ നിര്‍ണായക മുന്നേറ്റവുമായി സൈന്യം

Alwyn K Jose
|
3 Jun 2018 5:12 PM GMT

മൌസിലിലെ ജനവാസ കേന്ദ്രങ്ങളിലെത്തിയ സൈന്യം വീടുകളില്‍ നിന്നും വീടുകളിലേക്ക് എന്ന രീതിയില്‍ സാവധാനമാണ് മുന്നേറുന്നത്. മൌസിലിന്റെ തെക്ക് ഭാഗത്ത് ശിയാ സൈന്യവും പോരാട്ടം രൂക്ഷമാക്കി.

വടക്കന്‍ ഇറാഖിലെ ഐഎസ് അധീനതയിലുള്ള മൌസില്‍ നഗരം തിരിച്ചുപിടിക്കാനുള്ള സൈനിക നടപടി നിര്‍ണ്ണായക ഘട്ടത്തില്‍. മൌസിലിലെ ജനവാസ കേന്ദ്രങ്ങളിലെത്തിയ സൈന്യം വീടുകളില്‍ നിന്നും വീടുകളിലേക്ക് എന്ന രീതിയില്‍ സാവധാനമാണ് മുന്നേറുന്നത്. മൌസിലിന്റെ തെക്ക് ഭാഗത്ത് ശിയാ സൈന്യവും പോരാട്ടം രൂക്ഷമാക്കി.

ഇറാഖ് സൈന്യവും കുര്‍ദ് പെഷ്മെര്‍ഗകളും സഖ്യസേനയുടെ പിന്തുണയോടെ നടത്തുന്ന ഐഎസ് വേട്ട നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുന്നു. 2014 ജൂണിന് ശേഷം ആദ്യമായി മൌസിലിലെത്തിയ ഇറാഖ് സേന സാവധാനമാണ് മുന്നേറുന്നത്. ജനവാസ പ്രദേശങ്ങളുള്ളതിനാല്‍ വീടുകളില്‍ നിന്നും വീടുകളിലേക്ക് എന്ന രീതിയിലാണ് ഇപ്പോള്‍ സൈനിക നടപടി പുരോഗമിക്കുന്നത്. ജനങ്ങളെ ഐഎസ് മനുഷ്യകവചമാക്കാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണ്ടാണ് ഈ നീക്കം.

ടണലുകളിലും റോഡുകളിലും കുഴി ബോംബ് അടക്കമുള്ള കെണികള്‍ ഐഎസ് ഒരുക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെയാണ് ഓരോ നീക്കവുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ കുക്ജാലി പിടിച്ചെടുത്ത ഇറാഖ് സേന ചൊവ്വാഴ്ചയോടെ കരാമ ജില്ലയിലെത്തിയിരുന്നു. മൌസിലിലെ 12 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്റെ പിന്തുണയുള്ള ഇറാഖി ശിയാ സായുധ സേന മൌസിലിന്റെ തെക്കു ഭാഗത്ത് നിന്നാണ് മുന്നേറുന്നത്. ഒന്‍പതോളം ഗ്രാമങ്ങള്‍ ശിയാ സേന പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട് . യുദ്ധക്കുറ്റമടക്കമുള്ള മനുഷ്യവകാശ ലംഘനങ്ങള്‍ ശിയാ സൈന്യം നടത്തുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.

Similar Posts